ലണ്ടൻ: എലിസബത്ത് രാജ്ഞി മരിച്ചെന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ ബിബിസി ഖേദം പ്രകടിപ്പിച്ചു. ബിബിസിയുടെ ഉറുദു ഭാഷാ റിപ്പോർട്ടറാണ് കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞി മരിച്ചെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

ലണ്ടനിലെ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ എലിസബത്ത് രാജ്ഞിയെ പ്രവേശിപ്പിച്ചെന്ന് വാർത്ത ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അവർ മരിച്ചെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. വാർത്ത തെറ്റെന്ന് തെളിഞ്ഞതോടെ റിപ്പോർട്ടർ അക്കാര്യവും ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെയാണ് ഖേദപ്രകടനവുമായി ബിബിസി നേരിട്ടെത്തിയത്.

രാജ്ഞി മരിച്ചെന്ന വാർത്തകൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചതോടെ സ്ഥിരീകരണവുമായി ബക്കിംഗ്ഹാം പാലസ് രംഗത്തെത്തി. രാജ്ഞിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ചെക്കപ്പിന് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പാലസ് പ്രസ്താവനയിലൂടെ അറിയിച്ചു. പരിശോധനകൾക്ക് ശേഷം രാജ്ഞി ആശുപത്രി വിട്ടെന്നും കൊട്ടാരം ഉദ്യോഗസ്ഥർ അറിയിച്ചു.