വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക്. കമലഹാസൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രമായിരിക്കും ബോളിവുഡിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അമർഹെയ്ൻ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനാണ് പ്രധാനവേഷത്തിലെത്തുന്നത്.

കഴിഞ്ഞ ആറുവർഷമായി താൻ ചിത്രത്തിന്റെ രചനകളിലായിരുന്നുവെന്നും സെയ്ഫ് അലി ഖാനെ മനസിൽ കണ്ടാണ് ചിത്രം പ്ലാൻ ചെയ്തതെന്നും കമൽ മുംബൈ മിററിനോട് പറഞ്ഞു. ഒരു ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ മറ്റ് പ്രമുഖതാരങ്ങളും സഹകരിക്കുമെന്ന് കമലിനോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മുംബൈ, ഡൽഹി, ലണ്ടൻ, ദുബായ്, ജോർദ്ദാൻ, അമേരിക്ക എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രം അടുത്ത വർഷം അവസാനം തീയേറ്ററുകളിലെത്തും. 2005ൽ പുറത്തിറങ്ങിയ മുംബൈ എക്‌സ്പ്രസിന് ശേഷമുള്ള കമലിന്റെ ആദ്യ ബോളിവുഡ് സിനിമയാണിത്.