വീടില്ലാത്തവര്‍ക്ക് അഭയസ്ഥാനമാകാന്‍ ഹെയ്‌ലി ഫോര്‍ഡ് എന്ന ഒമ്പതു വയസുകാരി

നമ്മുടെ കുട്ടികള്‍ ഒമ്പത് വയസ്സില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടും വീട്ടുമുറ്റത്ത് ഓടിക്കളിച്ചും മറ്റുള്ളവരോട് വഴക്കിട്ടും വാശി പിടിച്ച് മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചും നടക്കുമ്പോള്‍ ഇവിടെ വാഷിംഗ്ടണിലെ ബ്രെമര്‍ടണ്‍ എന്ന സ്ഥലത്ത് ഹെയ്‌ലി ഫോര്‍ഡ് എന്ന ഒമ്പതുകാരി തിരക്കിലാണ്. വീടുണ്ടാക്കുന്ന തിരക്ക്. കളിവീടോ കിളിവീടോ അല്ല ഹെയ്‌ലി ഉണ്ടാക്കുന്നത്. 11 വീടുകള്‍. വീടില്ലാത്തവര്‍ക്ക് നിര്‍മിച്ചു നല്‍കുകയാണ് ഹെയ്‌ലി. വീടിന്റെ തറയില്‍ മരപ്പലകകള്‍ സ്വയം ഡ്രില്ല് ചെയ്യുന്നു. ജനാലകള്‍ സ്വയം ഘടിപ്പിക്കുന്നു. ഹെയ്‌ലി തിരക്കിലാണ്. കിടപ്പാടം ഇല്ലാത്തവര്‍ ഉണ്ടാവരുത് എന്നാണ് തന്റെ ആഗ്രഹമെന്ന് ഹെയ്‌ലി പറയുന്നു.

എവിടം മുതലാണ് ഒമ്പതു വയസ് മാത്രം പ്രായമുള്ള ഹെയ്‌ലി ഫോര്‍ഡ് എന്ന കൊച്ചുകുട്ടി ഇത്രയും ഉയരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഒരിക്കല്‍ അമ്മയോടൊത്ത് ഷോപ്പിംഗിന് പോയപ്പോഴാണ് ഹെയ്‌ലിയുടെ ചിന്തയും ജീവിതവും മാറ്റിമറിക്കുന്ന സംഭവമുണ്ടായത്. അവിടെവച്ച് എഡ്വാര്‍ഡ് എന്ന ഭിക്ഷക്കാരനെ കണ്ടു. ഹെയ്‌ലിയുടെ അമ്മ അയാള്‍ക്കൊരു സാന്‍ഡ്‌വിച്ച് കഴിക്കാനായി നല്‍കുകയും ചെയ്തു. എന്നാല്‍, ഹെയ്‌ലിയുടെ മനസ്സില്‍വീട്ടിലെത്തിയിട്ടും എഡ്വേര്‍ഡ് എന്ന മനുഷ്യന്റെ നിസ്സഹായ മുഖമായിരുന്നു. എഡ്വേര്‍ഡിനെ പോലെ നിരവധി പേര്‍ ഉണ്ട്. ഇത്തരക്കാര്‍ക്കായി തനിക്ക് എന്തുചെയ്യാന്‍ പറ്റും എന്നായി അവളുടെ ചിന്ത.

ആ ചിന്തയില്‍ നിന്നാണ് ഹെയ്‌ലിസ് ഹാര്‍വസ്റ്റ് എന്ന പൂന്തോട്ടത്തിന്റെ പിറവി. ഫേസ്ബുക് പേജും ഇതേപേരില്‍ ആരംഭിച്ചു. അവിടെ പച്ചക്കറി കൃഷി ചെയ്യാനും ആരംഭിച്ചു. തുടക്കത്തില്‍ ഇത് എത്രകാലം എന്ന് അമ്മ മിറാന്‍ഡയും ചിന്തിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും ഹെയ്‌ലി ആവശ്യക്കാര്‍ക്ക് പച്ചക്കറി നല്‍കുന്നുണ്ടെന്ന് മിറാന്‍ഡ പറയുന്നു. ഒടുവില്‍ ഹെയ്‌ലിസ് ഹാര്‍വെസ്റ്റിന്റെ വീട് നിര്‍മാണവും ഹെയ്‌ലി ആരംഭിച്ചു. ഓരോ ദിവസവും താന്‍ പൂര്‍ത്തിയാക്കിയ ജോലി ഫേസ്ബുക് പേജില്‍ അവള്‍ കുറിച്ചിട്ടു.

ടുഗെതര്‍ റൈസിംഗ് എന്ന സംഘടനയാണ് ഹെയ്‌ലിയെ അവളുടെ പ്രവര്‍ത്തനത്തിന് പണം നല്‍കി സഹായിക്കുന്നത്. ലോകത്തെ മാറ്റുന്നതില്‍ ഹെയ്‌ലിയേക്കാള്‍ മികച്ച ഒരു ഉദാഹരണമില്ലെന്ന് ടുഗതര്‍ റൈസിംഗ് പറയുന്നു. ലോകം മാറ്റിമറിക്കാന്‍ ആരും അത്ര ചെറുതല്ലെന്നാണ് ടുഗതര്‍ റൈസിംഗിന്റെ വാദം.

അതെ ആരും ചെറുതല്ല. മനസ് വലുതാണെങ്കില്‍ ഒരു ലോകം തന്നെ മാറ്റാന്‍ നിങ്ങളെക്കൊണ്ട് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News