ബാഴ്‌സലോണ യൂറോപ്പിന്റെ രാജാക്കന്‍മാര്‍; യുവന്റസിനെ തോല്‍പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ കിരീടം

ബര്‍ലിന്‍: യുവന്റസ് തീര്‍ത്ത പ്രതിരോധത്തിന്റെ ബര്‍ലിന്‍ മതില്‍ പൊളിച്ചടുക്കി ബാഴ്‌സ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കിരീടത്തില്‍ മുത്തമിട്ടു. സീസണിലെ മൂന്ന് കിരീടങ്ങളും രണ്ടുതവണ നേടുന്ന ടീമായി ബാഴ്‌സലോണ മാറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ബാഴ്‌സ യുവന്റസിനെ കീഴടക്കിയത്. നെയ്മറും സുവാരസും റാകിടിചും ബാഴ്‌സയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലക്ഷ്യം കണ്ടിരുന്നു. നാലാം മിനിറ്റില്‍ ഐവാന്‍ റാകിടിച് മെസിയും നെയ്മറും കൈമാറിയ പാസ്, വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ആദ്യപകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. യുവന്റസിന്റെ പ്രത്യാക്രമണത്തോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. 55-ാം മിനിറ്റില്‍ അല്‍വാറോ മൊറാട്ടോ യുവന്റസിന് സമനില സമ്മാനിച്ചു. എന്നാല്‍, സമനിലയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 68-ാം മിനിറ്റില്‍ അതിമനോഹരമായ ഷോട്ടിലൂടെ ലൂയി സുവാരസ് ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ നെയ്മറിന്റെ വകയായിരുന്നു മൂന്നാംഗോള്‍.

വിജയത്തോടെ ടീമില്‍ നിന്ന് യാത്ര പറയുന്ന സാവിക്ക് ഗംഭീര യാത്രയയപ്പ് നല്‍കാനും ബാഴ്‌സയ്ക്കായി. ഈ ജയത്തോടെ സീസണില്‍ രണ്ടുതവണ ട്രിപ്പിള്‍ നേടുന്ന ടീമായി ബാഴ്‌സ. 2008-09 സീസണിലും ബാഴ്‌സ ട്രിപ്പിള്‍ നേടിയിരുന്നു. ബാഴ്‌സയുടെ ഈ നേട്ടത്തിന് ഇനിയും പ്രത്യേകതകളുണ്ട്. കോച്ചായി ചുമതലയേറ്റ ലൂയിസ് എന്റിക്വെയുടെ കന്നി സീസണായിരുന്നു ഇത്. 2009-ല്‍ സീസണിലെ ട്രിപ്പിള്‍ നേടുമ്പോള്‍ പെപ് ഗ്വാര്‍ഡിയോളയുടെ കന്നി സീസണായിരുന്നു. ഈ സീസണില്‍ ലാലിഗ, സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടങ്ങളും ബാഴ്‌സ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News