ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് വീക്ഷണത്തിന് പുറമേ ചന്ദ്രികയിലും ലേഖനം; വിമര്‍ശനം ഉണ്ടിരുന്ന നായര്‍ക്ക് വിളിയുണ്ടായതു പോലെ

തിരുവനന്തപുരം: പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ് മുഖപത്രമായ ചന്ദ്രികയിലും മുഖപ്രസംഗം. അയ്യേ എസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഉണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളിയുണ്ടായ പോലെയാണ് ചീഫ് സെക്രട്ടറി ജിജി തോംസന്റെ വിമര്‍ശനം എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്ന് ചോദിക്കും പോലെയാണ് മന്ത്രിയാണോ ഐഎഎസ് ആണോ കേമന്‍ എന്ന ചോദ്യം. താന്‍. പുലിയാണെന്ന് മറ്റു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വലിയ പൂച്ച് കാണിക്കുന്ന ചില ഐഎഎസുകാരുണ്ട്. അല്ലെങ്കില്‍ പണ്ട് തന്നെ വിറപ്പിച്ച രാഷ്ട്രീയക്കാരെ പോലെയാവാന്‍ ജോലി രാജിവച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഐഎഎസുകാരുമുണ്ട്. ഇവരില്‍ ആരാണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നറിയില്ലെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

പള്ളിപ്പാട്ടെഴുതിയും ഒത്താല്‍ യേശുമാഹാത്മ്യം പ്രസംഗിക്കുകയും ചെയ്ത് പേരക്കുട്ടികളെയും കൊഞ്ചിച്ച് കഴിഞ്ഞിരുന്ന ജിജി തോംസണ്‍ ഉണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി ഉണ്ടായ പോലെയാണ് പാമോലിന്‍ കേസില്‍ മന്ത്രിമാരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കേസില്‍ ചിലതെല്ലാം താന്‍ പണ്ടേ ഫയലിലെഴുതിയിരുന്നു എന്ന് അദ്ദേഹം പറയുന്നത് കേട്ട് സാദാജനം അയ്യേ എന്ന് പറയുന്നെന്നാണ് വിമര്‍ശനം. പണ്ടുമുതലുണ്ടാക്കിയ നല്ല പേര് കളഞ്ഞുകുളിക്കുകയാണ് അദ്ദേഹം പാമോലിന്‍ കേസിലെ വിമര്‍ശനത്തിലൂടെ ചെയ്തത്. വൈകുവോളം വെള്ളം കോരി വൈകുന്നേരം കുടമിട്ടുടച്ച അദ്ദേഹത്തിന്റെ നടപടി ദുരൂഹമാണ്. അതിലൂടെ അദ്ദേഹത്തിന് എന്തുകിട്ടുമെന്നത് അതിലേറെ ദുരൂഹമാണെന്നും വിമര്‍ശിക്കുന്നു.

ജിജി തോംസന്റെ മുന്‍കാല പ്രവൃത്തികളെല്ലാം വിവരിക്കുന്ന മുഖപ്രസംഗം അദ്ദേഹത്തിന്റെ നല്ല കാര്യങ്ങളെയും പ്രതിപാദിച്ച ശേഷമാണ് വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ ഭൂതകാലവും സ്‌കൂള്‍ കാലവും അതിനുശേഷം കഠിനാധ്വാനത്തിലൂടെ ഐഎഎസ് നേടിയതും പരാമര്‍ശിച്ച ശേഷമാണ് ഇത്രയും കാലമുണ്ടാക്കിയ നല്ലപേരിന് കളങ്കം വരുത്തുകയാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന് വിമര്‍ശിക്കുന്നത്. കരിയറിലെ കറുത്ത അധ്യായമെന്ന് കരുതി മറക്കുന്നതിന് പകരം മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞത് ദുരുദ്ദേശപരമാണെന്നാണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News