ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നു; മംഗള്‍യാന്‍ ബ്ലാക്ക്ഔട്ടിലേക്ക്

ബംഗളുരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകം മംഗള്‍യാന്‍ ബ്ലാക്ക്ഔട്ടിലേക്ക്. ഭൂമിയും ചൊവ്വയുമായുള്ള ബന്ധം സൂര്യന്‍ തടയുന്നതോടെയാണ് ഈ നാളെ മുതല്‍ പതിനഞ്ചു ദിവസത്തേക്ക് മംഗള്‍യാന്‍ ബ്ലാക്ക്ഔട്ടിലേക്കു നീങ്ങുക. ഈ സമയത്ത് പേടകവുമായി ഭൂമിയില്‍നിന്ന് യാതൊരു ആശയവിനിമയവും ഉണ്ടാകില്ല. 23 ന് പൂര്‍വസ്ഥിതി പുനസ്ഥാപിക്കും.

ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നതോടെയാണ് ഈ സ്ഥിതി സംജാതമാകുക. ഈ സമയത്ത് പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനങ്ങളെല്ലാം മംഗള്‍യാന്‍ സ്വയമായിരിക്കും എടുക്കുക. ആദ്യമായാണ് ഇത്രയധികം ദിവസം മംഗള്‍യാനുമായി ബന്ധം ഇല്ലാതാകുന്നത്.

ബ്ലാക്ക്ഔട്ട് ദിവസങ്ങള്‍ കഴിയുന്നതോടെ ആശയവിനിമയം പുനസ്ഥാപിക്കാനാവുമെന്നാണ് ഐഎസ്ആർഓയുടെ പ്രതീക്ഷ. ആശയവിനിമയം പുനസ്ഥാപിക്കുന്നതിനുള്ള കാര്യങ്ങള്‍ പ്രത്യേകമായി പരിശോധിച്ചിരുന്നെന്നും വിജയകരമായിരുന്നെന്നും ഐഎസ്ആർഓ വക്താവ് അറിയിച്ചു. ഇന്ധനലഭ്യതയുള്ളതിനാല്‍ മംഗള്‍യാന്‍ പേടകത്തിന്റെ പ്രവര്‍ത്തനായുസ് മാര്‍ച്ചില്‍ ആറുമാസം കൂടി നീട്ടിയിരുന്നു.

മംഗള്‍യാനിന്റെ കാലാവധി വീണ്ടും നീട്ടുകയാണെങ്കില്‍ അടുത്ത മേയിലും സമാനമായ സാഹചര്യം ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് മംഗള്‍യാന്‍ പേടകം വിജയകരമായി ചൊവ്വയില്‍ ഇറങ്ങിയത്. ബഹിരാകാശ ചരിത്രത്തില്‍ ഇന്ത്യയ്ക്കു പുതിയ തുടക്കമായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here