മിഷിഗണ്‍: പതിനഞ്ചുവയസുകാരന്‍ അനിയനെ ചുമലിലേറ്റി നടന്നത് അമ്പത്തേഴു മൈല്‍. സെറിബ്രല്‍പാള്‍സി രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായാണ് മൂന്നു വയസിന് ഇളയ സഹോദന്‍ ബ്രാഡിനെ ചുമലിലേറ്റി മിഷിഗണ്‍ സ്വദേശിയായ ഹണ്ടര്‍ ഗ്രാന്‍ഡീ മൂന്നു ദിവസം കൊണ്ട് അമ്പത്തേഴു മൈല്‍ നടന്നു പിന്നിട്ടത്.

ജന്‍മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനാണ് ബ്രാഡീന്‍. വെള്ളിയാഴ്ച രാവിലെ മിഷിഗണിലെ ലംബെര്‍ട് വില്ലയില്‍നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. അമ്പത്തേഴു മൈല്‍ പിന്നിട്ട് ഇന്നലെ വൈകിട്ട് നാലോടെ ഇരുവരും ആന്‍ അര്‍ബോറിലുള്ള മിഷിഗണ്‍ സര്‍വകലാശാലയിലെത്തി. ഇവിടെ ഇവരെ കാത്ത് മാതാപിതാക്കളും ബന്ധുക്കളുമുണ്ടായിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇരുവരുടെയും യാത്ര പ്രധാനവാര്‍ത്തകളിലൊന്നായി പ്രത്യക്ഷപ്പെട്ടിരുന്നു.

തങ്ങളുടെ യാത്ര ധനസമാഹരണം ഉദ്ദേശിച്ചല്ലെന്നും സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ചവരുടെ പ്രശ്‌നങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാനായിരുന്നെന്നും ഹണ്ടര്‍ ഗ്രാന്‍ഡി പറഞ്ഞു. അതേസമയം, ബ്രാന്‍ഡീന്റെ സ്‌കൂളില്‍ ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായി നിര്‍മിക്കുന്ന കളിസ്ഥലത്തിനായി പണം സമാഹരിക്കുന്ന പ്രവര്‍ത്തത്തിന് തങ്ങളുടെ യാത്ര പ്രചോദനമായതായി കരുതുന്നൈന്നും ഇരുവരും പറഞ്ഞു.