ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഫേസ്ബുക് വിവരങ്ങള്‍ ചോരും

സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട് ആപ്ലിക്കേഷനാണ് ഒടുവില്‍ ഇത്തരത്തില്‍ രഹസ്യം ചോര്‍ത്തുന്നതായി കണ്ടെത്തിയത്. ആരെങ്കിലും നിങ്ങളെ ഫേസ്ബുക്കില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്താല്‍ അതുസംബന്ധിച്ച് അലര്‍ട് മെസേജ് നല്‍കുന്ന അണ്‍ഫ്രണ്ട് അലര്‍ട് ആപ് നിങ്ങളുടെ രഹസ്യവും ചുരണ്ടുന്നുണ്ടെന്നാണ് വിവരം.

അടുത്തിടെയാണ് അണ്‍ഫ്രണ്ട് അലര്‍ട് എന്ന ആപ്ലിക്കേഷന്‍ ഇറങ്ങിയത്. ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ ഫേസ്ബുകിലെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ആരെങ്കിലും നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്താല്‍ അലര്‍ട് മെസേജ് തരുന്നതായിരുന്നു ആപ്ലിക്കേഷന്‍. എന്നാല്‍, ഇതിന് സ്വന്തം ഇ-മെയിലും പാസ്‌വേഡും വച്ച് ലോഗിന്‍ ചെയ്യണമായിരുന്നു. സുരക്ഷാസ്ഥാപനമായ മാല്‍വെയര്‍ ബൈറ്റ്‌സാണ് ഇതിലെ ചതിക്കുഴി കണ്ടെത്തിയത്. ലോഗിന്‍ ചെയ്യുമ്പോള്‍ ഇ-മെയില്‍, പാസ്‌വേഡ് അടക്കമള്ള വിവരങ്ങള്‍ പോകുന്നത് ഫേസബുകിലേക്കല്ല. മറിച്ച് യൂഗോട്അണ്‍ഫ്രണ്ട്.കോമിലേക്കാണ്. എന്നാല്‍, ആപ് ഫേസ്ബുകിലെ ആപ് ലിസ്റ്റില്‍ കാണാനും പറ്റില്ല.

ഇത് ഫേസ്ബുകിലേതടക്കം നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോരാന്‍ ഇടയാക്കുമെന്നാണ് മാല്‍വെയര്‍ ബൈറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. അതുകൊണ്ട് ഉടന്‍തന്നെ ആപ് ഡിലീറ്റ് ചെയ്തശേഷം സ്വന്തം പാസ്‌വേഡ് മാറ്റുക. അല്ലെങ്കില്‍ പണികിട്ടുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ നിരവധി ആപുകള്‍ ഇപ്പോള്‍ തന്നെ വിപണിയിലുണ്ടെങ്കിലും ഈ പുതിയ ആപ്, പാസ്‌വേഡ് ചുരണ്ടാന്‍ വേണ്ടി ഉണ്ടാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here