ലോകജനസംഖ്യയില്‍ 95 ശതമാനവും അസുഖമുള്ളവരെന്ന് റിപ്പോര്‍ട്ട്

ദ ലാന്‍സെറ്റ് എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ആരോഗ്യ പഠനം ആരെയും ഞെട്ടിക്കുന്നതാണ്. ലോകമാകമനമുള്ള അസുഖ ബാധിതരുടെ കണക്കെടുക്കുമ്പോള്‍ 95 ശതമാനം പേരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ അസുഖമുള്ളവരാണെന്നാണ് പഠനം തെളിയിക്കുന്നത്. ഇതില്‍ മൂന്നിലൊരു ഭാഗവും അഞ്ച് അസുഖമെങ്കിലും ഉള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2013-ലെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം ഇരുപതില്‍ ഒരാള്‍ക്ക് മാത്രമാണ് അസുഖം ഇല്ലാത്തത്. അതായത് 4.3 ശതമാനം മാത്രം. ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗം അതായത് 200 കോടിയിലധികം ജനങ്ങള്‍ അഞ്ചിലധികം രോഗങ്ങള്‍ ഉള്ളവരാണ്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡിയാണ് പഠനം നടത്തിയത്. 2013 വരെയുള്ള കണക്കുകള്‍ വച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്.

1990 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ആരോഗ്യ ജീവിതവും അനാരോഗ്യ ജീവിതവും അനുപാതം വര്‍ധിച്ചതായി കണ്ടെത്തി. 1990-ല്‍ 21 ശതമാനമായിരുന്നത് 2013 ആകുമ്പോഴേക്കും 31 ശതമാനമായി വര്‍ധിച്ചു. 2013-ല്‍ പുറംവേദനയും വിഷാദ രോഗവുമാണ് ഏറ്റവുമധികം ആളുകളെ വലച്ചിരുന്നത്. ആദ്യത്തെ 10 രോഗങ്ങളില്‍ പുറംവേദനയും വിഷാദരോഗവുമായിരുന്നു മുന്‍പന്തിയില്‍. പ്രമേഹം, പഴക്കം ചെന്ന ശ്വാസതടസ്സം, ആസ്ത്്മ എന്നിവയായിരുന്നു തൊട്ടുപിന്നില്‍.

ആഗോളതലത്തില്‍ സന്ധിവാതം, കഴുത്ത് വേദന, പുറംവേദന തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളും വിഷാദരോഗം, ആശങ്ക, മദ്യപാനികളിലുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അനാരോഗ്യം മൂലം അവശരാകുന്നവരുടെ എണ്ണം കുറയുന്നില്ലെന്നും പഠനം തെളിയിക്കുന്നു.

അസുഖം ബാധിച്ച് മരിക്കുന്നവരേക്കാള്‍ അധികമാണ് അവശരാകുന്നവരുടെ എണ്ണമെന്നാണ് പഠനം. പ്രമേഹം മൂലം അവശത അനുഭവിക്കുന്നവരുടെ എണ്ണം 1990 മുതല്‍ 2013 വരെയുള്ള 23 വര്‍ഷത്തിനിടെ 43 ശതമാനം വര്‍ധിച്ചപ്പോള്‍ ഇതുമൂലമുള്ള മരണം 9 ശതമാനം മാത്രമായിരുന്നു.

വയസ്സും രോഗികളുടെ എണ്ണവും തമ്മിലും വലിയ രീതിയിലുള്ള വ്യത്യാസമുണ്ടായിട്ടുണ്ട്. 2013-ല്‍ രോഗികളായ കുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. നാല് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം 36 ശതമാനമായിരുന്നപ്പോള്‍ 80 വയസ്സില്‍ താഴെയയുള്ളവരുടെ എണ്ണം 0.03 ശതമാനം മാത്രമായിരുന്നു. പോരാത്തതിന് പത്തിലധികം അസ്വസ്ഥകള്‍ അനുഭവിക്കുന്നവരുടെ എണ്ണം ഈ 23 വര്‍ഷത്തിനിടയില്‍ 52 ശതമാനമായി ഉയര്‍ന്നു. ലോകജനസംഖ്യ കൂടുകയും അതിനൊപ്പം മുതിര്‍ന്നവരുടെ എണ്ണവും കൂടുന്നതിനാല്‍, രോഗികളുടെ എണ്ണവും കൂടുമെന്നാണ് പറയപ്പെടുന്നത്. ഒപ്പം, പ്രധാന കാരണങ്ങളായ പുറംവേദന, വിഷാദ രോഗം, സന്ധിവാതം, കഴുത്ത് വേദന എന്നിവയൊന്നും ഇതുവരെ അവ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും പഠനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel