വിഴിഞ്ഞത്ത്‌ കൊള്ളയടി അനുവദിക്കില്ലെന്ന് വി എസ്; ഉമ്മന്‍ചാണ്ടി അഴിമതിപ്പണം വിഴുങ്ങുന്നു

അരുവിക്കര: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനെ തീറെഴുതാനും കൊള്ളയടിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ചെറുക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും പണത്തോട് ആര്‍ത്തിയാണെന്നും പണം കണ്ടാല്‍ എല്ലാം മറക്കുന്നവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്നും അരുവിക്കരയില്‍ എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ വി എസ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് അത്യന്തം പ്രധാന്യമുള്ള ചരിത്ര മുഹൂര്‍ത്തത്തിലാണ് നടക്കുന്നത്. നാലു വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഭരണം അതിന്റെ എല്ലാ മേഖലകളെയും കടത്തിവെട്ടി മുന്നേറുകയാണ്. ഇതിനിടയില്‍ നിയമസഭ വിളിച്ചു. കുറച്ചു ബില്ലുകള്‍ പാസാക്കി തീവെട്ടിക്കൊള്ളയ്്ക്ക് അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആദ്യത്തെ ദിവസംതന്നെ പ്രതിപക്ഷത്തിന്റെ ശക്തമായ ആക്രമണം, ബജറ്റുമായി വന്നപ്പോഴുള്ള മാണിയുടെ നെഞ്ചിടിപ്പ് എന്നിവ കണ്ടപ്പോള്‍ സമ്മേളനം തുടരാന്‍ നിവര്‍ത്തിയില്ല എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പായതുകൊണ്ട് ഇരുപത്തേഴുവരെ സമ്മേളനം നടത്താന്‍ കഴിയില്ല അതിനാല്‍ അതുകഴിഞ്ഞ് സമ്മേളിക്കാമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോടു ചോദിച്ചു. അതിന്റെ ആവശ്യമെന്താണെന്നു പ്രതിപക്ഷം ചോദിച്ചു. രാവിലെ അസംബ്ലി ചേര്‍ന്നു ബാക്കി സമയത്തു തെരഞ്ഞെടുപ്പു രംഗത്തേക്കു പോകാമല്ലോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. എന്തിനാണ് സമ്മേളനം മാറ്റിവച്ചു സമ്മേളനം മാറ്റിവയ്ക്കുന്നതെന്നു ചോദിച്ചു. പക്ഷേ, സര്‍ക്കാര്‍ സമ്മേളനം മാറ്റിവച്ചു.

നിയമസഭ തുടരാന്‍ നിര്‍വാഹമില്ലെന്നു ബോധ്യപ്പെട്ടുവെന്നു വരുത്തി നിയമസഭാ സമ്മേളനം അടുത്തമാസത്തേക്കു മാറ്റി. ഉമ്മന്‍ചാണ്ടിയുടെ അതേ ആര്‍ത്തിയോടെ മറ്റു മന്ത്രിമാരും അഴിമതിപ്പണം വിഴുങ്ങുകയാണ്. ഉമ്മന്‍ചാണ്ടിയുടെ അനുയായികളാരാണ്? സരിത, സലിം രാജ് എന്നിവരാണ്. ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍തന്നെയാണ് സലിം രാജ് കഴിഞ്ഞുകൂടിക്കൊണ്ടിരുന്നത്. ഇവരെല്ലാം കൂടി ചേര്‍ന്നാണ് ഭൂമിതട്ടിപ്പു നടത്തിക്കൊണ്ടിരിക്കുന്നത്. എവിടെയൊക്കെയാണ് ഭൂമിതട്ടിപ്പു നടത്തിയിട്ടുള്ളത്, പണമുണ്ടാക്കിയിരിക്കുന്നത് എന്ന് കേരള ജനത മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. സലിം രാജിനെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. പതിനഞ്ചു കോടിയുടെ അഴിമതി നടത്തിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 450 ഹെക്ടര്‍ ഭൂമി സ്വന്തം പേരിലാക്കാനാണ് സലിം രാജ് ശ്രമിച്ചത്. ഭൂവുടമകളെ ഭീഷണിപ്പെടുത്തി എഴുതിവാങ്ങുകയായിരുന്നു. അഞ്ചു നയാപൈസ പോലും കൊടുത്തിട്ടില്ല. അതിശക്തമായ പ്രതിഷേധവും എതിര്‍പ്പും വന്നപ്പോള്‍ വിട്ടുകൊടുക്കാമെന്നു പറഞ്ഞ് യഥാര്‍ഥ ഉടമകളുടെ പിന്നാലെയാണ് ഈ തട്ടിപ്പുകാര്‍. ഉമ്മന്‍ചാണ്ടിയും കൂട്ടരും നാടിനെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. റേഷന്‍കടകള്‍ തുറക്കുന്നില്ല. പെട്രോളിയം വിലയാണെങ്കില്‍ അതിരൂക്ഷമായ നിലയില്‍ ഉയരുകയാണ്. നികുതി വര്‍ധിപ്പിക്കുകയാണ്. ജനങ്ങളെ ദിനംതോറും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്.

പ്രകൃതിദത്ത തുറമുഖത്തിന് എല്ലാ അവസ്ഥയും നല്‍കിയിട്ടുള്ള വിഴിഞ്ഞം പലര്‍ക്കും വില്‍ക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തു മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തുള്ളത്. അദാനി വന്നപ്പോള്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമെന്നു കേരളം കണ്ടു. ആരുമായി ബന്ധപ്പെട്ടാലും ഉമ്മന്‍ചാണ്ടിക്കു പണം എന്ന ചിന്ത മാത്രമേയുള്ളൂ. അദാനിയുമായി കെ വി തോമസിന്റെ വീട്ടില്‍ വച്ചാണു ചര്‍ച്ച നടത്തിയത്. പ്ലാനിംഗ്കമ്മീഷന്‍ ഉപാധ്യക്ഷനും ചീഫ് സെക്രട്ടറിയും പങ്കെടുത്തുകൊണ്ട് ഒരു എംപിയുടെ വീട്ടില്‍ നടത്തിയ ചര്‍ച്ച ഔദ്യോഗികമാകേണ്ടേ. അപ്പോള്‍ മിനുട്‌സ് ഉണ്ടാകേണ്ടേ. ഈ മിനുട്‌സ് കാണണമെന്നു പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. ഔദ്യോഗിക യോഗത്തിനു മിനുട്‌സ് ഉണ്ടാകണം. മിനുട്‌സ് ചോദിച്ചപ്പോള്‍ അതു നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ പ്രതിപക്ഷം ഉണ്ടാകും, എന്നാല്‍ തട്ടിപ്പറിക്കു കൂട്ടുനില്‍ക്കാനുണ്ടാകില്ലെന്നാണ് പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി പറഞ്ഞത്. അതു തന്നെയാണ് പ്രതിപക്ഷ നിലപാട്.

അഴിമതിയുടെ ദുര്‍ഗന്ധം എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ആന്റണി പറഞ്ഞത്. ചെന്നിത്തലയുടെ ശ്രമം മുഖ്യമന്ത്രിക്കസേരയാണ്. പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ എ കെ ആന്റണി കടുത്ത ഉറക്കത്തിലായിരുന്നു. തൊട്ടതിലെല്ലാം വിമര്‍ശനങ്ങളും ആരോപണങ്ങളുമായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉറങ്ങുകയല്ല. ഉമ്മന്‍ചാണ്ടിയുടെയും കള്ളന്‍മാരുടെയും കൊള്ളയടി ചെറുത്തു തോല്‍പിക്കുകയും ജനങ്ങള്‍ക്കു ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. സിപിഐഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല.

ഇന്നാട്ടിലെ ജനങ്ങള്‍ പൗരാവകാശം നേടിയത് ഉജ്വലപോരാട്ടത്തിലൂടെയാണ്. പത്തു വര്‍ഷമായി ഭരിച്ച മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കടുത്ത ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തു. ഇപ്പോള്‍ മോഡി ഭരണത്തിനെതിരായ പോരാട്ടം ദേശീയ തലത്തില്‍ ശക്തമാക്കുകയാണ്. മോഡി ഭരണത്തിന് എല്ലാ പിന്തുണയും നല്‍കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഗുജറാത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അദാനിയുടെ ജോലിക്കാരായിരിക്കും വിഴിഞ്ഞത്ത് ജോലി ചെയ്യുക. നമ്മുടെ നാടിനെ പണയപ്പെടുത്തി കൊള്ളലാഭം നേടാനുള്ള ആര്‍ത്തിയായിരിക്കും അദാനിക്കും കൂട്ടര്‍ക്കുമുണ്ടാവുക.

ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴും അദാനി വന്നു. അന്നു നടപടിയുണ്ടായില്ല. ഇത്തരം കുത്തകകള്‍ക്കു വിഴിഞ്ഞം തീറെഴുതി നല്‍കാന്‍ ഇടതുപക്ഷം തയാറായില്ല. ഉമ്മന്‍ചാണ്ടി അദാനിയുമായി നടത്തിയ ചര്‍ച്ച പോലെയല്ല, ഇടതുപക്ഷം നടത്തിയ ചര്‍ച്ച. തുട്ടുകാട്ടിയാല്‍ വീഴുന്നതു നോക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ ചര്‍ച്ചകള്‍. നമ്മുടെ അനുഗ്രഹീതമായ വീഴിഞ്ഞം പോര്‍ട്ടിനെ പണയപ്പെടുത്തി തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ച് അനുഗ്രഹീതമായ തുറമുഖം സംസ്ഥാനത്തിനായി നടപ്പാക്കാന്‍ ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ പണം നീക്കി വച്ചിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കി ആവശ്യമായ പണം നീക്കിവച്ചു. കേരളത്തിന് സ്വന്തമായി നടപ്പാക്കാവുന്ന തരത്തിലാണ് വിഴിഞ്ഞം പദ്ധതി ഇടതു സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതൊക്കെ മറന്നു വിഴിഞ്ഞം വിറ്റു കാശാക്കാനും കമ്മീഷന്‍ അടിക്കാനുമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതില്‍ വിഴിഞ്ഞത്തെ ജനങ്ങള്‍ തെറ്റിദ്ധരിക്കരുതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

എസ്എഫ്‌ഐയിലെയും ഡിവൈഎഫ്‌ഐയിലെയും ഉജ്വല പോരാട്ടത്തോടെ വളര്‍ന്ന വിജയകുമാര്‍ മന്ത്രിയായും സ്പീക്കറായും കഴിവു തെളിയിച്ചയാളാണ്. ഏതു രംഗത്തേക്ക് അയച്ചാലും തീവ്രമായി ജനപക്ഷത്തു പോരാടുന്ന നേതാവാണ് വിജയകുമാര്‍. അരുവിക്കരയിലെ സ്ഥാനാര്‍ഥിയായി എം വിജയകുമാറിനെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിക്കണമെന്നും വി എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News