ട്രെയിന്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

ദില്ലി: ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു പ്രാപ്യമായ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ഐആര്‍സിടിസി സൗകര്യമൊരുക്കിയിരിക്കുന്നത്. ബജറ്റ് വിമാനക്കമ്പനിയായ ഗോ എയറുമായി സഹകരിച്ചാണ് റെയില്‍വേയുടെ പദ്ധതി.

ഒരു മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇതുവരെ നൂറു പേര്‍ക്കു വിമാനയാത്ര ചെയ്യാനായെന്ന് ഐആര്‍സിടിസി വക്താവ് സന്ദീപ് ദത്ത അറിയിച്ചു. പരീക്ഷണം വിജയകരമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌പൈസ് ജെറ്റുമായും ധാരണയിലെത്തിയെന്നും മറ്റു ബജറ്റ് വിമാനക്കമ്പനികളുമായി ചര്‍ച്ചയാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കു മൂന്നു ദിവസമെങ്കിലും മുമ്പെങ്കിലും എടുത്ത ടിക്കറ്റുകള്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. ട്രെയിനില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ദിവസമോ അതിന്റെ പിറ്റേന്നോ യാത്രചെയ്യാനായിരിക്കും വിമാനടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കണ്‍ഫേം ആകാത്ത സാഹചര്യത്തില്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ സൗകര്യമുണ്ടെന്നു കാട്ടി ഐആര്‍സിടിസി യാത്രക്കാര്‍ക്ക് ഇ മെയില്‍ വഴിയായിരിക്കും വിവരം നല്‍കുക. സ്ലീപ്പര്‍ ക്ലാസ് മുതല്‍ ഉയര്‍ന്ന എല്ലാ ക്ലാസില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കും വിമാനടിക്കറ്റ് നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.

ഇത്തരത്തില്‍ അനുവദിക്കുന്ന വിമാനടിക്കറ്റുകള്‍ നിരക്കില്‍ മുപ്പതു മുതല്‍ നാല്‍പതു ശതമാനം വരെ ഇളവും നല്‍കും. വിറ്റഴിയാത്ത ടിക്കറ്റുകളുടെ എണ്ണം അതതു സമയം വിമാനക്കമ്പനികള്‍ ഐആര്‍സിടിസിയെ അറിയിക്കുകയും അതുവഴി ഒഴിവ് അനുസരിച്ചു വിമാനടിക്കറ്റ് നല്‍കുകയുമാണ് ചെയ്യുന്നത്. നിലവില്‍ രാജ്യത്തെ ഒട്ടുമിക്ക ആഭ്യന്തര വിമാന സര്‍വീസുകളും മുപ്പതു ശതമാനം സീറ്റുകള്‍ കാലിയായാണ് സര്‍വീസ് നടത്തുന്നത്. ഐആര്‍സിടിസിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സീറ്റൊഴിവില്ലാതെ ഭൂരിഭാഗം സര്‍വീസുകള്‍ നടത്താനാകുമെന്നാണ് വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News