പല്ലവി മലരായാല്‍ മാത്രം മതിയെന്ന് ആരാധകര്‍; മുഖക്കുരുവില്‍ പ്രേമം നായികക്ക് കുറ്റബോധമില്ല

ലയാളം ഇങ്ങനെയൊരു നായികയെ അധികമൊന്നും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്നു വിചാരിച്ചില്ലെന്നും നായികയും പറയുന്നു. ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പല്ലവിക്കു പക്ഷേ, പ്രേമത്തിലെ മലര്‍ ഒരു സെലിബ്രിറ്റി ഇമേജ് നല്‍കിക്കഴിഞ്ഞു. സിനിമയില്‍ ആരും ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കുന്ന മുഖക്കുരുവുമായി കാമറക്കുമുന്നില്‍ എത്തിയതില്‍ പല്ലവി തെല്ലും ദുഃഖവുമില്ല.

മലര്‍ ഞാന്‍ തന്നെ

പ്രേമത്തിലെ മലറിന് തന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് ട്രിവാന്‍ഡ്രം ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പല്ലവി പറയുന്നത്. എങ്ങനെയാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ നായികയായി താന്‍ എത്തിയതെന്നും നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയവും ഭാവി പരിപാടികളും തുറന്നുപറയുകയാണ് പല്ലവി. മലര്‍ എന്റെ ജീവിതം തന്നെയായി. ജീവിതത്തില്‍ ഇത്രയധികം സന്തോഷിച്ച മറ്റൊരു അവസരമില്ല. യാതൊരു പരിചയവുമില്ലാത്ത മേഖലയില്‍ തനിക്ക് ഇത്തരമൊരു അവസരം നല്‍കിയതിനും അതു വിജയിപ്പിച്ചതിനുമുള്ള മുഴുവന്‍ ക്രെഡിറ്റും അല്‍ഫോണ്‍ പുത്രനാണ്. ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇനി അഭിനയിക്കരുതെന്നാണ്. മലറല്ലാതെ തന്നെ മറ്റൊരു വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് അവര്‍ കാരണമായി പറയുന്നത്. തന്നെ മലരായി സ്വീകരിച്ച പ്രേക്ഷകരുടെ മനസറിഞ്ഞ് അദ്ഭുതമാണ് തോന്നുന്നത്. പല്ലവി പറയുന്നു.

വിളി വന്നത് ആറു വര്‍ഷത്തിന് ശേഷം

ആറു വര്‍ഷം മുമ്പാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ കണ്ടെത്തിയത്. വിജയ് ടിവിയില്‍ ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താനപ്പോള്‍. പ്ലസ് വണ്ണിലോ പ്ലസ്ടുവിലോ പഠിക്കുകയാണ് അന്ന്. അന്നു കണ്ണിലുടക്കിയ തന്നെ വര്‍ഷങങ്ങള്‍ക്കു ശേഷം അല്‍ഫോണ്‍ പുത്രന്‍ പ്രേമത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളുടെ സമയത്ത് ഓര്‍ക്കുകയായിരുന്നു. തന്നെ വിളിച്ചപ്പോള്‍ അത്ര കാര്യമായെടുത്തില്ല. സിനിമയില്‍ അഭിനയിക്കാമോ എന്ന ചോദ്യം ചിരിച്ചുതള്ളുകയായിരുന്നു. പിന്നീട് അവധിക്കാലത്തു വീട്ടിലെത്തിയപ്പോള്‍ അമ്മയാണു പറഞ്ഞത്, സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്നു ചോദിച്ച് അല്‍ഫോണ്‍സ് എന്നൊരാള്‍ വിളിച്ചിരുന്നെന്ന്. അവഗണിച്ചേക്കാനായിരുന്നു തന്റെ മറുപടി. പിന്നീട് പലപ്പോഴും വിളിച്ച് ഇതേ കാര്യം പറഞ്ഞപ്പോള്‍ അല്‍ഫോണ്‍ പുത്രനെക്കുറിച്ച് അന്വേഷിച്ചു. സംവിധായകനാണെന്നറിഞ്ഞപ്പോള്‍ ആദ്യം അങ്കലാപ്പായി. നേരം എന്ന ഉഗ്രന്‍ സിനിമ അല്‍ഫോണ്‍സിന്റെയാണ് എന്നറിഞ്ഞതോടെ താന്‍ വിളിച്ചു ക്ഷമ പറഞ്ഞു. പെട്ടെന്നു തന്നെ അല്‍ഫോണ്‍സുമായി കൂടിക്കാഴ്ച നടത്തി. സിനിമയുടെകഥ പറഞ്ഞതോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. – പല്ലവി പറയുന്നതിങ്ങനെ.

ആദ്യ ടേക്ക് തന്നെ ഓക്കെ

സത്യത്തില്‍ തനിക്കു നൃത്തത്തോടായിരുന്നു ഇഷ്ടം. അല്‍ഫോണ്‍സ് കഥ പറഞ്ഞപ്പോള്‍ ഇഷ്ടമായി. താന്‍ മലരായി ജീവിക്കുകയായിരുന്നു. തന്റെ യഥാര്‍ഥ ജീവിതത്തിലെ അനുഭവങ്ങള്‍ കൂടി ചേര്‍ത്താണ് അഭിനയിച്ചത്. ക്ലാസ് റൂമിലേക്കു പ്രവേശിക്കുന്നതായിരുന്നു ചിത്രീകരിച്ച ആദ്യത്തെ ഷോട്ട്. ആ സീന്‍ മൊത്തത്തില്‍ ഒറ്റ ഷോട്ടില്‍ തീര്‍ത്തു. എന്താണ് അപ്പോള്‍ തോന്നിയതെന്നു പറയാനാകില്ല. ഷോട്ട് കഴിഞ്ഞയുടനെ അല്‍ഫോണ്‍സ് പുത്രന്‍ ഓകെ പറഞ്ഞു. തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. തന്നെ ചേര്‍ത്തുപിടിച്ചു ടേക്ക് ഓകെയാണെന്നു പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ടു മനസു തുള്ളിച്ചാടുകയായിരുന്നു.

സൗന്ദര്യം കുറയ്ക്കാത്ത മുഖക്കുരു

മേയ്ക്കപ്പ് കുറച്ചാണ് അഭിയനയിച്ചത്. വര്‍ഷങ്ങളായി മുഖക്കുരുവുണ്ട്. മറ്റു സുന്ദരിമാരായ നായികമാരുടെ മുഖം കണ്ടു പരിചയിച്ച താന്‍ ഇക്കാര്യം അല്‍ഫോണ്‍സ് പുത്രനോടു പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. മുഖക്കുരുവോടെ തന്നെ കാണാനാണ് ഭംഗി. സിനിമയില്‍ തന്നെ മുഖക്കുരുവുമായി കണ്ടാല്‍ മുഖക്കുരുവുള്ള മറ്റു പെണ്‍കുട്ടികള്‍ക്ക് അത് ആത്മവിശ്വാസം പകരുന്നതാകും. ഈ വാക്കിന്റെ അടിസ്ഥാനത്തിലാണ് മുഖക്കുരു കളയാതെ അഭിനയിക്കാന്‍ തയാറായത്. ഇപ്പോള്‍ സന്തോഷമാണ് തോന്നുന്നത്. മറ്റു നായികമാരെപ്പോലെ മുഖം മിനുക്കി അഭിനയിക്കാത്തതില്‍ ദുഃഖമില്ല.

നൃത്തം ചെയ്യണം, ഡോക്ടറാകണം

ഡോക്ടറാകാനാണ് ആഗ്രഹം. അതിനാണു പഠിക്കുന്നത്. അതേപോലെ നൃത്തത്തോടും ഇഷ്ടമാണ്. നൃത്തം ചെയ്യാന്‍ അവസരം കിട്ടിയാല്‍ അതൊരിക്കലും കളയില്ല. ഒരു നായികയായി തുടരാനാവില്ല. ആദ്യം എംബിബിഎസ് പൂര്‍ത്തിയാക്കണം. കാര്‍ഡിയോളജിസ്റ്റാകണമെന്നാണ് ആഗ്രഹം. എന്തായാലും ഇപ്പോള്‍ ജോര്‍ജിയയിലാണ്. വീട്ടിലേക്കു വരുന്ന കോളുകള്‍ക്കൊക്കെ അമ്മയാണു മറുപടി പറയുന്നത്. – പല്ലവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here