സ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്. ആള്‍ബലവും ധനാടിത്തറയും തകര്‍ന്ന് അല്‍ക്വയ്ദ ഓരോദിവസവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നു അല്‍ക്വയ്ദയിലെതന്നെ രണ്ട് ആത്മീയ നേതാക്കളാണ് വെളിപ്പെടുത്തിയത്.

അബു ഖതാബ, അബു മുഹമ്മദ് അല്‍ മഖ്ദിസി എന്നിവരാണ് അല്‍ക്വയ്ദയുടെ തളര്‍ച്ചയെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. സംഘടനാ സംവിധാനം താളം തെറ്റി അല്‍ക്വയ്ദ ചിതറിയ അവസ്ഥയിലാണ് ഇന്നു ലോകത്തുള്ളതെന്നും ഇവരുടെ വെളിപ്പെടുത്തലില്‍ പറയുന്നു. അല്‍ക്വയ്ദയുടെ തലപ്പത്തുള്ളവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും റിപ്പോര്‍ട്ടുണ്ട്.

2013ല്‍ തീവ്രവാദക്കുറ്റം ചുമത്തി ബ്രിട്ടന്‍ നാടുകടത്തിയയാളാണ് ഖത്താദ. അല്‍ക്വയ്ദയേക്കാള്‍ ആസൂത്രിതമായി ആക്രമണങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയുന്നതിനാല്‍ കൂടുതല്‍ ആളുകളും ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒസാമ ബിന്‍ ലാദന്റെ കാലശേഷം സംഘടനയുടെ ചുമതല ഏറ്റെടുത്ത് അയ്മന്‍ അല്‍ സവാഹിരിക്ക് അല്‍ക്വയ്ദയെ നയിക്കാനായില്ലെന്നതാണ് ഉന്നതലത്തില്‍ ഭിന്നതയ്ക്കു വഴിവച്ചത്. അല്‍ക്വയ്ദയൊടൊപ്പമുണ്ടായിരുന്ന പലരും ഐഎസില്‍ ചേരുകയും ചെയ്തു.

അല്‍ക്വയ്ദയോടൊപ്പമുണ്ടായിരുന്ന അബുബക്കര്‍ അല്‍ ബഗ്ദാദി 2010ല്‍ ഐഎസിന്റെ പ്രാഥമിക രൂപമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന് രൂപം നല്‍കിയത് ബിന്‍ ലാദന്റെ അനുമതിയില്ലാതെയായിരുന്നു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് സിറിയയിലെ നുസ്ര ഫ്രണ്ടുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇന്നത്തെ ഭീകര സംഘടനയായി മാറി. ഐഎസിന്റെ രൂപമാറ്റത്തില്‍ സവാഹിരി അസ്വസ്ഥനായിരുന്നെന്നും ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇറാഖില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നു ബഗ്ദാദിയോടു സവാഹിരി നിര്‍ദേശിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.