റെയില്‍വേ സ്വകാര്യവല്‍കരണത്തിലേക്ക്; യാത്രാ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ ശിപാര്‍ശ

ദില്ലി: രാജ്യത്തു സ്വകാര്യ ട്രെയിനുകള്‍ക്കു കളമൊരുങ്ങുന്നു. യാത്രാ ട്രെയിന്‍ സര്‍വീസ് മേഖലയില്‍ സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തു. ചരക്കു കടത്തു മേഖലയിലും സ്വകാര്യ പങ്കാളിത്തത്തിന് നീക്കം നടക്കുന്നുണ്ട്. ആദ്യമായാണ് സ്വകാര്യ മേഖലയ്ക്കു ട്രെയിന്‍ സര്‍വീസുകളില്‍ പങ്കാളിത്തം നല്‍കാന്‍ ആലോചിക്കുന്നത്. ടിക്കറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്കു നിര്‍വഹിക്കാമെന്നും ശിപാര്‍ശയില്‍ പറയുന്നു.

റെയില്‍വേയുടെ നവീകരണത്തില്‍ സ്വകാര്യ മേഖലയ്ക്കു വലിയ പങ്കു വഹിക്കാനാവുമെന്നും ട്രെയിന്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കിയാല്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാവുമെന്നുമാണ് ബിബേക് ഡിബ്രോയ് അംഗമായ സമിതിയുടെ ശിപാര്‍ശ. നരേന്ദ്രമോദി സര്‍ക്കരാണ് സമിതിക്കു രൂപം നല്‍കിയത്.

പ്രത്യേക റെയില്‍വേ ബജറ്റിന്റെ ആവശ്യമില്ലെന്നും പൊതു ബജറ്റിനൊപ്പം റെയില്‍വേ കാര്യങ്ങളും അവതരിപ്പിച്ചാല്‍ മതിയെന്നും ശിപാര്‍ശയുണ്ട്. ബ്രിട്ടീഷ് ഭരണത്തിലെ രീതിയാണ് പ്രത്യേക റെയില്‍വേ ബജറ്റ്. ഇന്ത്യയില്‍ അതിന്റെ ആവശ്യമില്ല. ടിക്കറ്റിംഗ്, കോച്ച് നിര്‍മാണം, കോച്ച് അറ്റകുറ്റപ്പണി, സര്‍വീസ് നടത്തിപ്പ് എന്നിവ പൂര്‍ണമായി സ്വകാര്യ മേഖലയ്ക്കു നല്‍കാമെന്നാണ് സമിതി ശിപാര്‍ശ വിശദീകരിക്കുന്നത്. റെയില്‍വേയുടെ നഷ്ടത്തിലോടുന്ന പദ്ധതികള്‍ അടിയന്തരമായി നിര്‍ത്താനും നിര്‍ദേശമുണ്ട്. നിരവധി സ്‌കൂളുകളും ആശുപത്രികളും റെയില്‍വേ നടത്തുന്നത് നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ധനനഷ്ടം ഒഴിവാക്കാനുമായി മേഖലാതലത്തിലെ നടത്തിപ്പിനു പകരമായി റെയില്‍വികാസ് നിഗം ലിമിറ്റഡിനും ഇര്‍ക്കോണിനും സമാനമായി പൊതുമേഖലാ സ്ഥാപനം രൂപീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചന. ഇങ്ങനെവരികയാണെങ്കില്‍ രാജ്യത്ത് വിവിധ റൂട്ടുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിലവില്‍ വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here