കാപ്പിപ്രിയരേ… മറക്കരുത്, അമിതമായാല്‍ കാപ്പിയും ദോഷം

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീന്‍ അമിതമായാല്‍ ആരോഗ്യത്തിന് ദോഷകരമാണെന്നു പുതിയ പഠനങ്ങള്‍. കൊക്കോയിലും കോളയിലുമൊക്കെയുള്ള കഫീന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ ഉറക്കമില്ലായ്മയും അതുപോലെ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

കഫീന്റെ അളവ് ശരീരത്തില്‍ അമിതമായെത്തുന്നത് ഉറക്കക്കുറവിനു പുറമേ ക്ഷിപ്രകോപം, അമിത രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കും കാരണമാകും. ഇത്തരം ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടരെ കാണും മുമ്പ് കാപ്പിയും കഫീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളും കഴിക്കുന്നത് കുറയ്ക്കുന്നത് ചിലപ്പോള്‍ ഗുണകരമായിരിക്കുമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്.

കഫീന്‍ അമിതമായി ശരീരത്തില്‍ എത്തുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുവഴി ഹൃദയമിടിപ്പു വര്‍ധിക്കുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ മൂത്രമൊഴിക്കല്‍, ഛര്‍ദി, അസ്വസ്ഥത, വിഷാദം, വിരലുകളില്‍ വിറയല്‍ എന്നിവയ്ക്കും അമിതമായ കഫീന്‍ ഉപയോഗം വഴിവയ്ക്കും. ഉറക്കക്കുറവും ഉറക്കത്തിലെ അസ്വസ്ഥതകളും പതിവായുള്ളവരും കുടിക്കുന്ന കാപ്പിയുടെ തോത് കുറച്ചു നോക്കിയാല്‍ അവസ്ഥയില്‍ മാറ്റമുണ്ടാകും. ദിവസവും മുന്നൂറു മില്ലിഗ്രാമിലധികം കഫീന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം കൂടുതലായിരിക്കുമെന്നും വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റയടിക്കു കഫീന്റെ ഉപയോഗം കുറയ്ക്കുന്നത് പിന്‍വാങ്ങല്‍ അസ്വസ്ഥതയുടെ ഭാഗമായി മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെയുള്ള സമീപനം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

അമിത രക്തസമ്മര്‍ദമുള്ളവരോട് കഫീന്‍ ഉള്‍പ്പെടുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അമിത രക്തസമ്മര്‍ദമുള്ളവരില്‍ കഫീന്റെ ഉപയോഗം കുറയ്ക്കുന്നതു ഗുണപരമായ മാറ്റമുണ്ടാക്കാറുണ്ട്. മനസിനു ശാന്തതയ്ക്കും സമാധാനത്തിനും കാപ്പി കുടിക്കുന്നത് ഒഴിവാക്കാന്‍ ചില ബദല്‍ ചികിത്സാമാര്‍ഗങ്ങളിലും നിര്‍ദേശിക്കുന്നുണ്ട്. ദിവസം രണ്ടു നേരം മാത്രം ഓരോ കപ്പു കാപ്പിയായി ശീലം ചുരുക്കിയാല്‍ കഫീന്‍ മൂലമുള്ള ഒരു ആരോഗ്യപ്രശ്‌നവും ഭയക്കേണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here