ഫത്തുള്ള: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമാകാതെ 23 റണ്‍സെടുത്ത് നില്‍ക്കവെയാണ് സമനിലയില്‍ പിരിയാന്‍ തീരുമാനിച്ച് മത്സരം അവസാനിപ്പിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഫോളോഓണ്‍ ചെയ്യിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 462 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 256 റണ്‍സിന് എല്ലാവരും പുറത്തായി.

മൂന്നുദിവസം മഴ കളിച്ചതാണ് മത്സരം സമനിലയിലാകാന്‍ കാരണം. ഏതാനും ഓവര്‍ മാത്രം എറിഞ്ഞശേഷം ആദ്യ മൂന്നുദിവസത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. നാലാംദിനം ആറുവിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യയുടെ സ്പിന്‍ ബോളിംഗ് കശക്കിയെറിഞ്ഞു. അഞ്ചുവിക്കറ്റെടുത്ത ആര്‍.അശ്വിനും മൂന്ന് വിക്കറ്റെടുത്ത് തിരിച്ചുവരവ് ഗംഭീരമാക്കിയ ഹര്‍ഭജന്‍ സിംഗുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 72 റണ്‍സെടുത്ത ഇമ്രുല്‍ ഖയ്‌സ് മാത്രമാണ് ബംഗ്ലാ നിരയില്‍ അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.