മുംബൈ: ബംപര്‍ ഹിറ്റുകള്‍ മാത്രം ബോളിവുഡിന് സമ്മാനിച്ച സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ അടുത്ത സംരംഭത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായേക്കും. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിക്കാനായി ഹിറാനി രണ്‍ബീര്‍ കപൂറിനെ സമീപിച്ചു. എന്നാല്‍, രണ്‍ബീര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല. സഞ്ജയ് ദത്തിനെ പോലൊരാളുടെ ജീവിതം പകര്‍ത്തുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് താരം പറയുന്നത്.

രണ്‍ബീറിനോട് മാത്രമാണ് താന്‍ സഞ്ജയ് ദത്തിനെ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് രാജ്കുമാര്‍ ഹിറാനി പറയുന്നത്. എന്നാല്‍, ഇതിനകം തന്നെ യുവപ്രേക്ഷകരുടെ ഹരമായി മാറിയ രണ്‍ബീര്‍ പറയുന്നത് കേള്‍ക്കുക; ജീവചരിത്രം അവതരിപ്പിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. പ്രശസ്തനായ ഒരാളുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ വെള്ളിത്തിരയില്‍ ജീവിപ്പിക്കാനാകും താന്‍ ശ്രമിക്കുകയെന്ന് രണ്‍ബീര്‍ പറയുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമാണിത്. ജീവിതത്തിലുടനീളം വെല്ലുവിളി നിറഞ്ഞ ജീവിതം നയിച്ച സഞ്ജയ് ദത്തിനെ പകര്‍ത്തുന്നത് രസകരമായിരിക്കുമെന്നും രണ്‍ബീര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് രാജ്കുമാര്‍ ഹിറാനി ലക്ഷ്യമിടുന്നത്.