ബോക്‌സ് ഓഫീസില്‍ ജുറാസിക് ഗര്‍ജനം; ആദ്യ ആഴ്ചയില്‍ നേടിയത് 51 കോടി ഡോളര്‍

ലോസ് ആഞ്ചലസ്: ജുറാസിക് വേള്‍ഡ് പരമ്പരയിലെ നാലാമത് ചിത്രമായ ജുറാസിക് വേള്‍ഡ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ ചിത്രം ആഗോള തലത്തില്‍ ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടിയത് 51 കോടി ഡോളര്‍. പല ആഭ്യന്തര ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും ജുറാസിക് ഗര്‍ജനത്തില്‍ വിറച്ചുവീണു. 20 കോടി ഡോളറാണ് ആഭ്യന്തര വിപണികളില്‍ നിന്ന് ചിത്രം റിലീസ് ചെയ്ത് മൂന്നുദിവസത്തിനകം വാരിക്കൂട്ടിയത്. മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബില്‍ വാരിക്കൂട്ടി റെക്കോര്‍ഡ് സൃഷ്ടിച്ചതിന് പുറമേ, ആഭ്യന്തര ബോക്‌സ് ഓഫീസില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന രണ്ടാമത്തെ ചിത്രമായി ജുറാസിക് വേള്‍ഡ്. 2012-ല്‍ പുറത്തിറങ്ങിയ ദ അവഞ്ചേഴ്‌സാണ് ഇപ്പോഴും മുന്നില്‍.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജുറാസിക് പരമ്പരയില്‍ ഒരു ചിത്രം ഇറങ്ങുന്നത്. കലാപരതയും ഗൃഹാതുരതയും അതീവ മനോഹരമായി സമന്വയിപ്പിച്ച ചിത്രം ആദ്യ ദിവസങ്ങളില്‍ തന്നെ പ്രവചനങ്ങളെ എല്ലാം തെറ്റിച്ച് മുന്നേറുകയാണ്. ചിത്രം കാണാനെത്തുന്നവരുടെ പ്രായം തന്നെ ചിത്രം എല്ലാ തരക്കാരെയും ആകര്‍ഷിക്കുന്നുണ്ടെന്നതിന് തെളിവാണ്. ആദ്യ ആഴ്ചയില്‍ ചിത്രം കണ്ട 39 ശതമാനം പേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. 48 ശതമാനം പേരും ചിത്രം കണ്ടത് ത്രീ ഡി ഫോര്‍മാറ്റിലാണ്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആശയത്തില്‍ കോളിന്‍ ട്രവറോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് പ്രാറ്റാണ് ചിത്രത്തില്‍ നായകന്‍. പ്രാറ്റിന്റെ മൂന്നാമത് ജുറാസിക് ചിത്രവും ജുറാസിക് പരമ്പരയിലെ നാലാമത് ചിത്രവുമാണിത്. പരമ്പര അവസാനിക്കുമെന്ന് കരുതേണ്ട. ജുറാസിക് ചിത്രങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രാറ്റ് തന്നെയായിരിക്കും അടുത്ത ചിത്രത്തിലും നായകനെന്ന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here