• Today is: Tuesday, February 28, 2017

ഇനി മുതല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയര്‍വേണ്ട; അടുത്തു വച്ചാല്‍ ചാര്‍ജാവുന്ന പവര്‍ ട്രാന്‍സ്ഫര്‍ വരുന്നു

ദില്ലി: പെട്ടെന്ന് മൊബൈല്‍ ചാര്‍ജ് തീര്‍ന്നാല്‍ പണിയായത് തന്നെ. യാത്രയ്ക്കിടയില്‍ എങ്ങാനും ആണെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. പിന്നെ സോക്കറ്റ് അന്വേഷിച്ച് നടക്കണം. ഫോണ്‍ കുത്തണം. അത് നോക്കി ഇരിക്കണം. എന്തൊക്കെ ഏടാകൂടങ്ങളാ. ഇനി അതൊന്നും വേണ്ട. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മീറ്റര്‍ നീളമുള്ള വയറോ, ചാര്‍ജറോ അത് കുത്താന്‍ സോക്കറ്റോ അന്വേഷിക്കണ്ട. ഒരു കൃത്യമായ അകലത്ത് വച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന പവര്‍ ട്രാന്‍സ്ഫര്‍ വൈകാതെ എത്തും. കൊറിയയിലെ സാങ്കേതിക ഗവേഷകരാണ് വയര്‍ലെസ് പവര്‍ ട്രാന്‍സ്ഫര്‍ വികസിപ്പിച്ചെടുത്തത്.

 

കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. വൈ-ഫൈ പ്രവര്‍ത്തിക്കുന്ന പോലെയാണ് വയര്‍ലെസ് പവര്‍ ട്രാന്‍സ്ഫര്‍ പ്രവര്‍ത്തിക്കുക. ഏത് സ്ഥലത്തും ഏത് അകലത്തിലും ഏത് ദിശയില്‍ നിന്നും മൊബൈല്‍ ചാര്‍ജ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. പവര്‍ ട്രാന്‍സ്ഫറില്‍ നിന്ന് ഏറെ അകലെയാണ് മൊബൈല്‍ എങ്കില്‍ പോലും ചാര്‍ജിംഗ് നടക്കുമെന്ന് സാരം. ഒന്നിലധികം ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാനാവും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അരമീറ്റര്‍ വരെ ദൂരത്ത് വച്ച് മൊബൈല്‍ ചാര്‍ജാവും.
നിലവില്‍ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാവുന്ന ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ഇവയ്ക്ക് ദൂരപരിധി ഒരു പ്രശ്‌നമാണ്. 10 സെന്റീമീറ്ററില്‍ താഴെയാണ് ഇവയുടെ ദൂരപരിധി. എന്നാല്‍, പുതിയ വയര്‍ലെസ് പവര്‍ ട്രാന്‍സ്ഫര്‍ അരമീറ്റര്‍ വരെ ദൂരത്തില്‍ ഇരുന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തായിരിക്കണം മൊബൈല്‍ എന്ന് മാത്രം. മനുഷ്യര്‍ക്ക് ഭീഷണിയാകുന്നതല്ല തങ്ങളുടെ ഉപകരണം എന്ന് കമ്പനി ആണയിടുന്നു. മറ്റേതൊരു ഇലക്ട്രോണിക് ഉപകരണത്തോടും കിടപിടിക്കുന്നതാണ് വയര്‍ലെസ് പവര്‍ ട്രാന്‍സ്ഫറെന്നാണ് സാങ്കേതിക വിദഗ്ധരുടെ വാദം.


{}
{}