സിപിഐഎമ്മിന്റെ ജൈവ പച്ചക്കറിക്കൃഷി ആവേശമായി; സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന; ഒരു വര്‍ഷംകൊണ്ട് പച്ചക്കറിവരവ് പകുതിയാകും

തിരുവനന്തപുരം: വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന് കൃഷി വകുപ്പിന്റെ കണക്കുകള്‍. ഈവര്‍ഷം പച്ചക്കറി ഉല്‍പാദനം കഴിഞ്ഞവര്‍ഷത്തേക്കാല്‍ നാലു ലക്ഷം ടണ്‍ വര്‍ധിച്ച് 19 ലക്ഷം ടണ്‍ ആകുമെന്നാണ് കൃഷിവകുപ്പ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങള്‍ ജൈവകൃഷി സ്വീകരിക്കുകയാണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് അമ്പതു ശതമാനം കുറയ്ക്കാമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ.

കീടനാശിനി പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള കൃഷിക്കാണ് സംസ്ഥാനത്തു പ്രാമുഖ്യം. ഇത്തരം കൃഷിക്കുതന്നെയാണ് സംസ്ഥാന കൃഷിവകുപ്പ് പ്രോത്സാഹനം നല്‍കുന്നതും. അടുത്തകാലത്ത്, സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജൈവകൃഷി ആരംഭിച്ചത് ഈ രംഗത്തേക്കു ചിന്തിക്കാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വീടുകളിലെ പച്ചക്കറി ഉല്‍പാദനത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 2.45 ലക്ഷം മെട്രിക് ടണ്ണായിരുന്നു വീടുകളില്‍നിന്നുള്ള പച്ചക്കറി ഉല്‍പാദനം. ഇക്കുറി നാലു ടണ്ണായി ഇതു വര്‍ധിച്ചേക്കും. ഗ്രോബാഗുകള്‍ വാങ്ങി കൃഷി ചെയ്യുന്നതാണ് വീടുകളില്‍ കൂടുതലായി കണ്ടുവരുന്ന കാര്യം. കഴിഞ്ഞവര്‍ഷം 7 ലക്ഷം ഗ്രോബാഗുകളാണ് കൃഷി വകുപ്പു നല്‍കിയതെങ്കില്‍ ഇക്കുറി ഇരട്ടിയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വീട്ടിലും വിഷമില്ലാതെയും പച്ചക്കറി കൃഷിചെയ്യാനുള്ള ജനങ്ങളുടെ താല്‍പര്യം കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കൃഷി ഓഫീസര്‍മാരുടെയും ആവേശവും വര്‍ധിപ്പിച്ചിട്ടുണ്ട്. സൗജന്യ വിത്തുകള്‍ വാങ്ങാനും ശേഖരിക്കാനും നിരവധി പേരാണ് ദിവസവും കൃഷിഭവനുകളില്‍ എത്തുന്നത്. പാലക്കാട് ജില്ലയാണ് പച്ചക്കറി ഉല്‍പാദനത്തില്‍ കഴിഞ്ഞവര്‍ഷം മുന്നിലെത്തിയത്. രണ്ടാമത് ഇടുക്കി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന സിപിഐഎമ്മിന്റെ നയവും ഡോ. ടി എം തോമസ് ഐസക് എംഎല്‍എ നവ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണവും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍മീഡിയാ സംഘങ്ങളുമാണ് കേരളത്തിലെ ഈ മാറ്റത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News