എന്തിനായിരുന്നു അവര്‍ അതു ചെയ്തത്; മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച ആത്മഹത്യകള്‍

മലയാളസിനിമയുടെ പ്രിയപ്പെട്ടവര്‍ പലരും സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും അറിയില്ല, എന്തിനായിരുന്നു അതെന്ന്. പലരുടെയും ആത്മഹത്യാ വാര്‍ത്ത മലയാള സിനിമാ പ്രേക്ഷകര്‍ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്.

വിജയശ്രീ
എഴുപതുകളില്‍ സിനിമയില്‍നിറഞ്ഞുനിന്ന ഗ്ലാമര്‍ നായികയായിരുന്നു വിജയശ്രീ. ഇരുപത്തൊന്നാം വയസില്‍ സിനിമയില്‍ നിറയെ അവസരങ്ങളുണ്ടായിരുന്നപ്പോഴാണ് വിജയശ്രീ മിന്നുന്ന ലോകത്തോട് യാത്രപറഞ്ഞത്. പൊന്നാപുരം കോട്ട എന്ന സിനിയുടെ ചിത്രീകരണത്തിനിടെ നേരിട്ട ചില മോശം അനുഭവങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നു സൂചനകളുണ്ടായിരുന്നു.


സില്‍ക് സ്മിത
മലയാളത്തിന്റെ മാത്രമല്ല, തെന്നിന്ത്യയുടെയാകെ ഹരമായിരിക്കേ ഗ്ലാമര്‍ റാണി സില്‍ക്‌സ്മിത ജീവിതം അവസാനിപ്പിക്കുന്നത്. 1996-ല്‍ 35-ാം വയസിലാണ് ഇന്ത്യയുടെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെട്ടിരുന്ന സില്‍ക്‌സ്മിത ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ ഫഌറ്റില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. സിനിമാമേഖലയില്‍ അടുത്തകാലത്തു നേരിട്ട തിരിച്ചടികളാണ് സ്മിതയുടെ ആത്മഹത്യക്കു കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതു കുറച്ചുകാലം ദുരൂഹതയുണര്‍ത്തിയിരുന്നു.


ശോഭ
പതിനേഴാം വയസിലാണ് പ്രിയതാരം ശോഭ ജീവിതത്തോടു വിടപറഞ്ഞത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ശോഭയുടെ മരണം. ആത്മഹത്യ അല്ല കൊലപാതകമായിരുന്നു എന്നും സൂചനകളുണ്ട്. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭയെത്തേടിയെത്തി. മരണത്തിന് മുമ്പ് സംവിധായകന്‍ ബാലു മഹേന്ദ്രയെ ശോഭ വിവാഹം ചെയ്തിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ശോഭയുടെ മരണം പ്രമേയമായി കെ ജി ജോര്‍ജ് ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് എന്ന പേരില്‍ സിനിമയെടുത്തിരുന്നു.

ശ്രീനാഥ്
മലയാളിയുടെ പ്രിയ നടനായിരുന്നു ശ്രീനാഥ്. മലയാളികളുടെ പ്രിയ നടി ശാന്തികൃഷ്ണയുടെ മുന്‍ ഭര്‍ത്താവും. 2010ലാണ് കോതമംഗലത്തെ ഹോട്ടല്‍ റൂമില്‍ ശ്രീനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പു മുറിക്കുകയും ചെയ്തിരുന്നു. ശ്രീനാഥിന്റെ മരണത്തിലും ദുരൂഹതയുണ്ടായിരുന്നു. മരിക്കുമ്പോള്‍ അമ്പത്തിമൂന്നു വയസായിരുന്നു.

സന്തോഷ് ജോഗി
ഹിറ്റ് സിനിമ രാജമാണിക്യത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോഗി 2010 ഏപ്രില്‍ പതിമൂന്നിന് വിഷുത്തലേന്നാണ് മരിച്ചത്. തൃശൂരിലെ സുഹൃത്തിന്റെ ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളായിരുന്നു മരണത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ ബ്രദേഴ്‌സായിരുന്നു അവസാന സിനിമ. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മയൂരി
കുറച്ചു ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെന്നിന്ത്യയില്‍ ശ്രദ്ധേയയായിരുന്നു മയൂരി. 2005ലാണ് ഇരുപത്തഞ്ചുവയസുമാത്രം പ്രായമുണ്ടായിരുന്ന മയൂരി തൂങ്ങിമരിച്ചത്. ജീവിക്കാന്‍ ഇനി കാരണമൊന്നുമില്ലാത്തതിനാലാണ് മരിക്കുന്നതെന്നു കുറിച്ചിട്ടാണ് അവര്‍ യാത്രയായത്. കടുത്ത പ്രണയനൈരാശ്യവും സിനിമയിലെ തിരിച്ചടികളുമാണ് കടുംകൈയ്ക്ക് മയൂരിയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News