ദില്ലി: രാജ്യത്തെ പുരോഗമനപക്ഷക്കാരുടെയാകെ പ്രശംസ പിടിച്ചു പറ്റി, സ്വവര്‍ഗരതി കുറ്റകമല്ലാതാക്കിയ ദില്ലി ഹൈക്കോടതി വിധി അട്ടിമറിച്ചത് സുപ്രീം കോടതിയെന്ന് നിയമക്കമ്മീഷന്‍ മുന്‍ അധ്യക്ഷനും ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ പി ഷാ. വിവിധ മത സംഘടനകളുടെ അഭിപ്രായം മാനിച്ചാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തുതെന്നു കരുതുന്നതായും ഷാ പറഞ്ഞു.

രാഷ്ട്രീയ, മത മേഖലകളില്‍നിന്ന് ഈ വിഷയത്തില്‍ ഒരു സമവായമുണ്ടാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് കോടതിക്കു മാത്രമേ കൃത്യമായ തീരുമാനം എടുക്കാനാവൂ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 -ാം വകുപ്പ് ഭേദഗതി ചെയ്താണ് സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ധീരമായ തീരുമാനമായിരുന്നു ഇതെന്നും അന്നു ദില്ലി ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന ഷാ വ്യക്തമാക്കി. സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരുന്നില്ല.

പക്ഷേ, ചില പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി വിധി റദ്ദാക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള തിരുത്തല്‍ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്നും ഷാ വ്യക്തമാക്കി.