ലിഡിയ സെബാസ്റ്റ്യന്‍; ഐന്‍സ്റ്റീനേക്കാള്‍ ഐക്യു കരുത്തുള്ള പന്ത്രണ്ട് വയസുകാരി മലയാളി പെണ്‍കുട്ടി

ലണ്ടന്‍: പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ് കൊച്ചി
എളമക്കര സ്വദേശിയായ 12 വയസുകാരി ലിഡിയ സെബാസ്റ്റ്യന്‍.

പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് നേടാനാവുന്ന പരമാവധി സ്‌കോര്‍ ആയ 162ല്‍ 162ഉം നേടിയാണ് ബ്രിട്ടീഷ് മലയാളി ലിഡിയ സെബാസ്റ്റ്യന്‍ ലോക താരമായത്. ഉന്നത ബുദ്ധിമാന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് മെന്‍സ ഐക്യു ടെസ്റ്റ്. ആകെ 150 ചോദ്യങ്ങള്‍ക്കാണ് മെന്‍സ ഐക്യു ടെസ്റ്റില്‍ ഉത്തരം നല്‍കേണ്ടത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരാണ് ഇതുവരെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാനത്തിന്റെ ഉടമകളായ ശാസ്ത്ര പ്രതിഭകള്‍. 160 ആയിരുന്നു ഇരുവരുടെയും ഐക്യു സ്‌കോര്‍. ഈ ബുദ്ധിശാലികളുടെ ഐക്യുവിനും മുകളിലാണ് ലിഡിയയുടെ സ്‌കോര്‍.

കൊച്ചി എളമക്കര പൊറ്റക്കുഴി സ്വദേശികളായ അരുണ്‍ സെബാസ്റ്റിയന്‍ – എറിക കൊട്ടിയത്ത് ദമ്പതികളുടെ മകളാണ് 12കാരിയായ ലിഡിയ സെബാസ്റ്റ്യന്‍. ലണ്ടനിലെ കോള്‍ ചെസ്റ്റര്‍ ഗ്രാമര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി.

ഗണിത ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. 6 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ സംസാരിച്ച് തുടങ്ങിയ ലിഡിയ നാലാം വയസുമുതല്‍ വയലിനില്‍ സംഗീതവും കൈകാര്യം ചെയ്യുന്നു. അടുത്ത വര്‍ഷം ഐക്യു ടെസ്റ്റിന് പങ്കെടുപ്പിക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. എന്നാല്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍ ലിഡിയ തയ്യാറായില്ല.

ലണ്ടനിലെ കോള്‍ചെസ്റ്റര്‍ ജനറല്‍ ഹോസ്പിറ്റലില്‍ റേഡിയോളജിസ്റ്റായ അരുണ്‍ സെബാസ്റ്റിയനാണ് ലിഡിയയുടെ അച്ഛന്‍. അമ്മ എറിക കൊട്ടിയത്ത്, ബാര്‍ക്ലേയ്‌സ് ബാങ്കിലെ അസോസിയേറ്റ് ഡയറക്ടറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here