മുംബൈ: ജൈനരുടെ ഉപവാസാചരണം നടക്കുന്ന നാളുകളില്‍ എട്ടു ദിവസം മുംബൈയിലെ മിറാ റോഡ്, ഭയാന്തര്‍ എന്നിവിടങ്ങളില്‍ എല്ലാത്തരം മാംസവ്യാപാരവും നിരോധിച്ചു. ഈ മാസം പത്തു മുതല്‍ ഇരുപത്തെട്ടുവരെയാണ് ഉപവാസകാലയളവായ പര്യുഷന്‍ ആചരിക്കുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മിറാ റോഡിലും ഭയാന്തറിലും മാംസം നിരോധിക്കാമെന്ന ജൈനരുടെ ആവശ്യം നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്തായിരുന്നു ബിജെപി വോട്ടു നേടിയത്.

കഴിഞ്ഞവര്‍ഷം രണ്ടു ദിവസത്തേക്കായിരുന്നു മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ടു ഘട്ടമായാണ് പര്യുഷന്‍ ആചരിക്കുന്നത്. ജൈന ശ്വേതംബരര്‍ പതിനൊന്നു മുതല്‍ പതിനെട്ടുവരെയും ദിഗംബരര്‍ 18 മുതല്‍ 27 വരെയും ആണ് ഉപവാസം ആചരിക്കുന്നത്. 2011ലെ കാനേഷുമാരി പ്രകാരം പ്രദേശത്തെ എട്ടരലക്ഷം ജനങ്ങളില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ ജൈനരാണ്.

വെള്ളിയാഴ്ച നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. നിരോധനത്തിനുള്ള ആവശ്യം ഉയര്‍ത്തി. ശിവസേന എതിര്‍ത്തു. എന്നൊക്കെയാണ് നിരോധനം എന്നു വ്യക്തമാക്കിയിട്ടില്ല. പതിനൊന്നു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജൈന മത നേതാക്കളുമായി ആലോചിച്ച് എന്നൊക്കെ നിരോധനം വേണമെന്നു കോര്‍പറേഷന്‍ നേതൃത്വം തീരുമാനിക്കും.