ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആമസോണിനും യുഎസ് സര്‍വകലാശാലയ്ക്കുമെതിരേ അമ്മ നിയമപോരാട്ടത്തിന്

ന്യൂയോര്‍ക്ക്: ഇരുപതുവയസുകാരിയായ മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ത്യക്കാരിയായ മാതാവ് ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍ ഡോട് കോമിനും യുഎസിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കും എതിരെ നിയമപോരാട്ടത്തിന്. നാലുവര്‍ഷം മുമ്പു സഹപാഠിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി സര്‍വകലാശാലയില്‍നിന്നു നീതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് 2013ല്‍ ജീവനൊടുക്കിയത്.

ഓണ്‍ലൈന്‍ വഴി സയനൈഡ് എത്തിച്ചുകൊടുത്തതിനാണ് ആമസോണിനെതിരേ പരാതി നല്‍കുന്നത്. സര്‍വകലാശാലയുടെ വീഴ്ചയും ആമസോണിന്റെ നിരുത്തരവാദപരമായ വിപണനരീതിയുമാണ് മകളുടെ ജീവനെടുത്തതെന്നാണ് പരാതിയിലെ ഉള്ളടക്കം.

ലൈംഗിക പീഡനത്തിന് ഇരയായ ശേഷം പെണ്‍കുട്ടി കാര്യമായ പെരുമാറ്റ വൈകല്യങ്ങള്‍ കാട്ടിയിരുന്നു. പതിവായി ക്ലാസുകള്‍ കട്ട് ചെയ്യുകയും മദ്യത്തിന് അടിമയുമായിരുന്നു. 2012 ഡിസംബറില്‍ കിച്ചണ്‍ ഐറ്റം എന്ന ഇനത്തില്‍ തായ്‌ലന്‍ഡിലെ ഒരു വ്യാപാരിയില്‍നിന്നാണ് പെണ്‍കുട്ടി ആമസോണ്‍ വഴി സയനൈഡ് സംഘടിപ്പിച്ചത്.

അതിനിടയില്‍ ക്ലാസുകളില്‍ വീഴ്ചവരുത്തിയതിന് പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. ഇതിന്റെ ഹിയറിംഗ് നിശ്ചയിച്ചിരുന്ന ദിവസമാണ് പെണ്‍കുട്ടി സയനൈഡ് കഴിച്ച് ജീവനൊടുക്കിയത്. അമേരിക്കയില്‍ അമ്പതു പേരോളം ആമസോണ്‍ മുഖേന സയനൈഡ് വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ പതിനൊന്നു പേര്‍ ജീവനൊടുക്കിയതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നും പെണ്‍കുട്ടിയുടെ മാതാവ് പരാതിയില്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News