ഒരേസമയം ലാപ്‌ടോപ്പായും ടാബ്‌ലറ്റായും ഉപയോഗിക്കാം; തോഷിബയുടെ അള്‍ട്രാബുക്ക് വിപണിയില്‍

തോഷിബയുടെ പുതിയ അള്‍ട്രാബുക്ക് വാങ്ങിയാല്‍ രണ്ടാണ് ഗുണം. ലാപ്‌ടോപ്പായും വേണ്ടിവന്നാല്‍ ടാബ്‌ലറ്റായും ഉപയോഗിക്കാന്‍ പറ്റും. പോര്‍ടെഗ് ഇസഡ് 20 ടി എന്ന ഡിറ്റാച്ചബിള്‍ അള്‍ട്രാബുക്ക് ആണ് തോഷിബ പുറത്തിറക്കിയത്. 1.3 ലക്ഷം രൂപയാണ് അള്‍ട്രാബുക്കിന്റെ വില. 12.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് അള്‍ട്രാബുക്കിന്റെ പ്രത്യേകത. ബ്ലാക്ക് കളറില്‍ ഫാന്‍ലെസ് ചേസിസിലാണ് അള്‍ട്രാബുക്ക് എത്തുന്നത്.

ടാബ്‌ലറ്റ് മോഡില്‍ അള്‍ട്രാബുക് 8.8 മില്ലിമീറ്റര്‍ മാത്രം കനവും 730 ഗ്രാം ഭാരവും ഉണ്ടാകും. ലാപ്‌ടോപ്പ് മോഡില്‍ ഭാരം 1.5 കിലോ ആകും. ഇന്റലിന്റെ കോര്‍ എം പ്രോസസറാണ് അള്‍ട്രാബുക്കിന് കരുത്ത് പകരുന്നത്. ഇന്റല്‍ എച്ച് ഡി ഗ്രാഫിക്‌സും ഉപയോഗിച്ചിരിക്കുന്നു. 8 ജിബി റാമും, 256 ജിബി എസ്എസ്ഡി സ്‌റ്റോറേജുമാണ് അള്‍ട്രാബുക്കിന്റെ ശേഷി. ബാക്ക്‌ലിറ്റ് കീബോര്‍ഡാണ് ഇതിന്റെ പ്രത്യേകത. ഒരു അക്യുപോയിന്റ് ക്ലിക്ക്പാഡും ഉണ്ട്. ഒരു മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ടാബ്‌ലറ്റ് മോഡില്‍ ഉള്ള പോര്‍ട്ടുകള്‍. ലാപ്‌ടോപ് മോഡില്‍ ഒരു ഫുള്‍ സൈസ് ആര്‍ജിബി പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, ജിഗാബിറ്റ് ലാന്‍, രണ്ട് 3.0 യുഎസ്ബി പോര്‍ട്ട് എന്നിവയും ഉണ്ട്.

ഡാറ്റ സെക്യൂരിറ്റിക്ക് വേണ്ടി തോഷിബയുടെ ഈസി ഗാര്‍ഡ് സ്യൂട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. കീബോര്‍ഡുമായി ഡോക്ക് ചെയ്തിരിക്കുന്ന അവസ്ഥയില്‍ ഡിറ്റാച്ച് ആവാതിരിക്കാന്‍ ഒരു കേബിള്‍ ലോക്ക് പോര്‍ട്ടും ഉണ്ട്. ബിസിനസ് യൂസേഴ്‌സിനെ ലക്ഷ്യമിട്ടാണ് അള്‍ട്രാബുക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏത് മോഡില്‍ ഉപയോഗിക്കാനും എളുപ്പമുള്ള ഒരു ലൈറ്റ്‌വെയ്റ്റ് ഡിവൈസ് ആണ് കമ്പനി ഉദ്ദേശിച്ചതെന്ന് തോഷിബ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here