ഭാര്യയെ കൊല്ലാന്‍ ഗോകുല്‍ കാട്ടിക്കൂട്ടിയത് ഹൈടെക് തന്ത്രങ്ങള്‍; സുഹൃത്തിന്റെ ഭാര്യ ഗോകുലിന്റെ എന്‍ജിനീയറിംഗ് സഹപാഠി; ചുരുളഴിയാന്‍ ദുരൂഹത ഇനിയും ബാക്കി

ബംഗളുരു: സ്വന്തം ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ തൃശൂരുകാരന്‍ എം ജി ഗോകുല്‍ കാട്ടിക്കൂട്ടിയത് മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍. ഒരു മനുഷ്യന്‍ ക്രൂരതയുടെ പര്യായമാകുന്നതെങ്ങനെയെന്നു വ്യക്തമാക്കുന്ന ചെയ്തികളായിരുന്നു ഗോകുലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിലൂടെ പുറത്തുവന്നത്. സ്വന്തം ഭാര്യയ്ക്കു വിദ്യാര്‍ഥിയുമായി അവിഹിതബന്ധമുണ്ടെന്നു വരുത്തിത്തീര്‍ത്താണ് ഗോകുല്‍ കൊലപാതകം നടത്തിയതെന്നും വ്യക്തമായി.

ഗോകുലിന്റെ ഭാര്യ അനുരാധ ബംഗളുരുവില്‍ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്നു. ബംഗളുരുവില്‍ ജോലി ചെയ്യുന്നകാലത്താണ് ഏഴു വര്‍ഷം മുമ്പ് ഇരുവരും പരിചയത്തിലായതും പ്രണയിച്ചു വിവാഹം ചെയ്തതും. അനുരാധയ്ക്കു സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഗോകുലിന്റെ കണ്ടെത്തല്‍. ഇതു സ്ഥിരീകരിക്കാനായി ബാബ എന്ന ജ്യോതിഷന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അനുരാധയുമായി ചാറ്റിംഗ് ആരംഭിച്ചു. അനുരാധയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു പദ്ധതി. അനുരാധയും വിദ്യാര്‍ഥിയും ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും നഗ്നരായി കുളിക്കുന്ന ദൃശ്യങ്ങളും തയാറാക്കി അയച്ചുകൊടുക്കുകയും ചെയ്തു. അനുരാധ വഴിവിട്ടു ജീവിക്കുന്നവളാമെന്നു ബന്ധുക്കളെ ബോധിപ്പിക്കാന്‍ ഗോകുല്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.

ആഷ എന്ന പേരില്‍ മറ്റൊരു ജ്യോതിഷന്റെ പേരിലും ഗോകുല്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അനുരാധയുമായി ചാറ്റ് ചെയ്തു. അനുരാധയും വിദ്യാര്‍ഥിയുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടുപാകാന്‍ സഹായിക്കാമെന്നായിരുന്നു ഈ ഐഡിയിലൂടെ ഗോകുല്‍ വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ജൂലൈ 28ന് രാത്രി അനുരാധയെ മദ്യം കൊടുത്ത് ബോധരഹിതയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു.

ആഷ എന്ന പേരിലുള്ള ഐഡിയില്‍നിന്നു നടത്തിയ ചാറ്റില്‍ മദ്യപിച്ച ശേഷം തന്നെ അറിയിച്ചാല്‍ ഒരു പൂജനടത്താമെന്നായിരുന്നു പറഞ്ഞിരുന്നു. അനുരാധയുടെ ആവശ്യപ്രകാരം തുടര്‍ന്നു ഗോകുല്‍തന്നെ മദ്യം വാങ്ങിക്കൊടുത്തു. മദ്യപിച്ചശേഷം അനുരാധ താമസവും ജോലിയും ദില്ലിയിലേക്കു മാറ്റുന്നതിനെക്കുറിച്ചു സംസാരിച്ചു. അപ്പോള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചു താന്‍ അനുരാധയെ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നെന്നും ഗോകുല്‍ സമ്മതിച്ച

സുഹൃത്ത് സാജുവിന്റെയും ഭാര്യയുടെയും പേരിലും ഗോകുല്‍ ഫേക്ക് അക്കൗണ്ടുകള്‍ തയാറാക്കിയിരുന്നു. സാജുവിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് ഗോകുല്‍ ഇക്കാര്യങ്ങളെല്ലാം കാട്ടിക്കൂട്ടിയത്. ഇരുവരുടെയും പേരിലുണ്ടാക്കിയ ഫേക്ക് അക്കൗണ്ടുകളിലൂടെ തൃശൂരിലുള്ള ഒരു വൈദികനുമായി ഗോകുല്‍ സംസാരിച്ചു. സാജു ഭാര്യയെ മര്‍ദിക്കുകയും പീഡിപ്പിക്കുയുമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. തുടര്‍ന്ന് ഈ വൈദികന്‍ സാജുവിനെയും ഭാര്യയെയും വിളിച്ചു സംസാരിച്ചു. രണ്ടാളും ഇ മെയില്‍ അയച്ചിട്ടില്ലെന്നു വൈദികനോടു പറഞ്ഞെങ്കിലും സാജുവും ഭാര്യയും തമ്മിലുള്ള അഭിപ്രായഭിന്നതകളിലേക്ക് സംഭവം നീണ്ടിരുന്നു.

സ്വന്തമാക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുമായി ഗോകുല്‍ തൃശൂരിലെ എന്‍ജിനീയറിംഗ് കോളജില്‍ ഒരുമിച്ചു പഠിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്ത് സാജു ജോസിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി ബംഗളുരുവില്‍ വന്നതോടെ ഗോകുലിന് പ്രണയം കലശലാവുകയും സ്വന്തം ഭാര്യയെ ഇല്ലാതാക്കി ഈ പെണ്‍കുട്ടിയെ സ്വന്തമാക്കണമെന്ന മോഹം ഉണ്ടാവുകയുമായിരുന്നു. പഠിച്ചിരുന്ന കാലത്ത് ഇരുവരും പ്രണയത്തിലായിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇടയ്ക്കു ദില്ലിയിലേക്കു സ്ഥലം മാറിപ്പോയ ഗോകുല്‍ തിരിച്ചുവന്നപ്പോള്‍ തന്റെ ഫഌറ്റിനു തൊട്ടടുത്തുതന്നെ ഫഌറ്റ് ശരിയാക്കി കൊടുത്തത് ഈ പെണ്‍കുട്ടിയായിരുന്നു. കഴിഞ്ഞയാഴ്ച സാജൂവിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ഗോകുലിന് ലഭിക്കാന്‍ ഈ പെണ്‍കുട്ടി സഹായം ചെയ്തിട്ടുണ്ടോ എന്നു കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഭാര്യയെ കൊന്നുകഴിഞ്ഞപ്പോഴാണ് സാജുവിനെ ഒഴിവാക്കി പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ഗോകുല്‍ നീക്കം തുടങ്ങിയത്. അതിന്റെ ഭാഗമായിരുന്നു സാജുവിനെ ഐഎസ് ബന്ധമുള്ളയാളാക്കി ചിത്രീകരിച്ചു വിമാനത്തിനു ഭീഷണി സന്ദേശം അയച്ചു കുടുക്കാന്‍ ശ്രമിച്ചത്.

അനുബന്ധമായി വായിക്കാന്‍


സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

സുഹൃത്തിനെ ഐഎസുകാരനാക്കി; ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളി ടെക്കി നടത്തിയ ശ്രമങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here