അമിത സെക്‌സ് നിങ്ങളെ അടിമയാക്കാം; തിരിച്ചറിയാനുള്ള വഴികള്‍

നിങ്ങള്‍ അമിത ലൈംഗികതയ്ക്ക് അടിമയാണോ. ഇക്കാര്യം സ്വയം തിരിച്ചറിയാം. സെക്‌സ് ചെയ്യാന്‍ നിങ്ങള്‍ അസാധാരണമായി താല്‍പര്യപ്പെടുന്നുണ്ടോ. ലൈംഗികത അമിതമാകുന്നുണ്ടോ. ലൈംഗിക താല്‍പര്യം എപ്പോഴും മനസില്‍ നില്‍ക്കുന്നുവോ. സ്വയം ലൈംഗികത ഉത്തേജിപ്പിക്കുന്ന രീതിയിലാണോ നിങ്ങളുടെ പ്രവര്‍ത്തനം. കാര്യങ്ങള്‍ ഈ വഴിക്കാണെങ്കില്‍ നിങ്ങള്‍ അമിത ലൈംഗികതയുടെ അടിമയാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

അമിത ലൈംഗികതയുടെ അടിമകളാണ് നിങ്ങള്‍ എന്ന് തിരിച്ചറിയപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. സുരക്ഷിതമല്ലാത്ത ജീവിതം കൂടിയാണ് നിങ്ങള്‍ നയിക്കുന്നത്. രാജ്യത്ത് അമിത സെക്‌സിന് അടിമയാകുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ക്രമാതീതമായാണ് ഇത്തരം മാനസികാവസ്ഥയുള്ളവരുടെ വര്‍ദ്ധനയെന്ന് മാനസികരോഗ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മാനസികാരോഗ്യം കുറഞ്ഞവരിലാണ് അമിത ലൈംഗികയുടെ അടിമത്ത ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ദില്ലിയിലെ വിദ്യാസാഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെന്റല്‍ ഹെല്‍ത്ത്, ന്യൂറോ ആന്‍ഡ് അലീഡ് സയന്‍സാണ് അമിത ലൈംഗികതയെപ്പറ്റി പഠനം നടത്തിയത്.

ദില്ലി വിംഹാന്‍സ് പുറത്തുവിട്ട പഠനത്തിലെ അമിത ലൈംഗികതയുടെ ലക്ഷണങ്ങള്‍ ഇവയാണ്.

1. അമിത ലൈംഗിക ചിന്ത

അമിത ലൈംഗികതയുടെ അടിമയായ വ്യക്തികളില്‍ ലൈംഗിക ചിന്തകള്‍ എപ്പോഴുമുണ്ടാകും. ലൈംഗിക സ്വപ്‌നങ്ങളും ഇവര്‍ക്കൊപ്പമുണ്ടാകും. ലൈംഗികത നിറഞ്ഞ തമാശകളും സ്വഭാവ സവിശേഷതകളുമാകും എപ്പോഴും പുറത്തുവരിക. ലൈംഗിക ചിന്തകള്‍ക്കുമേല്‍ നിയന്ത്രണം നഷ്ടപ്പെടും. ഇത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചറിയുക, നിങ്ങള്‍ അമിത ലൈംഗികതയുടെ അടിമകളാണെന്ന്.

2. പങ്കാളികളില്‍ ആഗ്രഹം

ഒന്നിലധികം പങ്കാളികളുമായി സ്ഥിരം ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ സൂക്ഷിക്കുക. നിങ്ങളും അമിത ലൈംഗികതയ്ക്ക് അടിമകളാണ്. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരും അമിത ലൈംഗിക താല്‍പര്യമുള്ളവരാണ്. ഇത്തരം ആളുകള്‍ പലപ്പോഴും സുരക്ഷിതമല്ലാത്തതും രോഗസാധ്യത കൂടുതലുള്ള ലൈംഗിക ബന്ധം നയിക്കുന്നവരും ആകാം.

ഒന്നിലധികം പേരുമായി ബന്ധമുള്ളവര്‍ക്ക് പങ്കാളികളുമായി ലൈംഗിക താല്‍പര്യം മാത്രമാകും ലക്ഷ്യം. ഇവര്‍ പങ്കാളികളുമായി ദൃഢമായ മാനസിക ഐക്യം പുലര്‍ത്തുന്നവര്‍ ആകണമെന്നില്ല. മാനസികാവസ്ഥ ഇങ്ങനെയാണെങ്കില്‍ തീര്‍ച്ച നിങ്ങള്‍ അമിത ലൈംഗികതയുടെ അടിമകളാണ്.

പങ്കാളിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നവരും ഈ മാനസികാവസ്ഥയുടെ പരിധിയില്‍ വരും. പങ്കാളി സഹകരിച്ചില്ലെങ്കിലും കാര്യം നടന്നാല്‍ മതിയെന്ന് ചിന്തിക്കുന്നവരും സമാന അവസ്ഥയിലുള്ളവര്‍ തന്നെ. പരീക്ഷണ രീതികളിലൂടെ രതി നിര്‍വൃതിയടയാന്‍ ശ്രമിക്കുന്നവരും സൂക്ഷിക്കുക.

3. നീലച്ചിത്രങ്ങളോട് അമിതമായ അഭിനിവേശം

നീലച്ചിത്രങ്ങളോട് അമിതമായ അഭിനിവേശം പുലര്‍ത്തുന്നവരും ജാഗ്രത. നിങ്ങളും അമിത ലൈംഗികതയുടെ അടിമകളാണ്. ഇത്തരം അഭിനിവേശം പുലര്‍ത്തുന്നവര്‍ക്ക് ശരിയായ വിധത്തില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ജോലിയില്‍ മാത്രമല്ല മറ്റൊരു കാര്യത്തിലും ശ്രദ്ധയുണ്ടാവില്ലെന്ന് പഠനം പറയുന്നു.

അമിത ലൈംഗികതയ്ക്ക് അടിപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.

1. ദുഃശ്ശീലങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

ഭൂരിപക്ഷം പേരും മദ്യപാനം, പുകവലി അടക്കമുള്ള ദുഃശ്ശീലങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കൂടി വേണ്ടിയാകും അമിത ലൈംഗികതയ്ക്ക് കീഴടങ്ങുന്നത്. സുഖകരമല്ലാത്ത മാനസികാവസ്ഥയില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗം കൂടിയാണിത്. ഓര്‍ക്കാനിഷ്ടമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കാനുള്ള എളുപ്പവഴി കൂടിയാണ് ലൈംഗികതയിലേക്കുള്ള കേന്ദ്രീകരണം.

2. ഭീതിയില്‍ നിന്ന് രക്ഷ നേടാന്‍

ഏതെങ്കിലും രീതിയിലുള്ള ഫോബിയ ഉള്ളവര്‍ രതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് അമിതരതിക്ക് അടിപ്പെടാന്‍ വഴിതുറക്കും.

3. രതിലോകത്തിലെ രാജാക്കന്മാര്‍

ഇണയെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ എല്ലാം തികഞ്ഞവരാണെന്ന തോന്നല്‍ ചിലര്‍ക്കുണ്ടാകും. എല്ലാ ഇണകളെയും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ സന്തോഷിപ്പിക്കാന്‍ കഴിയുന്നവരാണ് എന്ന ആത്മവിശ്വാസമാണ് ഇത്തരക്കാരെ നയിക്കുന്നത്. ഇവരും അമിത ലൈംഗികതയുടെ അടിമകളാണ്.

രക്ഷ നേടാം, മനഃശാസ്ത്ര സമീപനത്തിലൂടെ

അമിതരതിയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗങ്ങളും വിംഹാന്‍സിലെ മാനസികാരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നു. മനശാസ്ത്ര ചികിത്സയിലൂടെ പൂര്‍ണ്ണമായും അമിതരതിയില്‍ നിന്ന് രക്ഷ നേടാം. അമിത രതിയുടെ അടിമയാണെന്ന് സ്വയം ബോധ്യപ്പെടുകയാണ് ആദ്യപടി. ഇതില്‍ വിജയിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ലൈംഗിക അഭിനിവേശത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ തിരിച്ചറിയുക എന്നതാണ് അടുത്ത ഘട്ടം. പടിപടിയായുള്ള മാനസിക ചികിത്സയിലൂടെ അമിത ലൈംഗികതയില്‍ നിന്ന് രക്ഷ നേടുന്നതോടെ മറ്റ് ജീവിത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here