പച്ചക്കറി കൃഷിക്ക് ഇനി മണ്ണ് വേണ്ട; വെള്ളം മാത്രം മതിയെന്ന് തെളിയിച്ച് സുധീഷ്

കോട്ടയം: മണ്ണൊരുക്കി കൃഷി ചെയ്യൽ ഇനി പഴങ്കഥ. പച്ചക്കറി കൃഷിയ്ക്ക് മണ്ണും സ്ഥലവും വേണ്ട വെള്ളം മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാനം പെഴുവേലിൽ സുധീഷ് എന്ന ബിടെക് ബിരുദധാരി. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന റണ്ണിംഗ് വാട്ടർ അഗ്രികൾച്ചർ എന്ന ജൈവകാർഷിക രീതി പരീക്ഷണാടിസ്ഥാനത്തിൽ വിജയിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് സുധീഷ്.

മാങ്ങാനം പാലൂർപടിയിലെ സുധീഷിന്റെ കൃഷിയിടത്തിൽ തക്കാളി, വഴുതനങ്ങ, ചീര, വെണ്ട, പച്ചമുളക്, ക്യാബേജ് എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. മണ്ണിന് പകരം വലിയ പ്ലാസ്റ്റിക് പൈപ്പ് ഭൂമിയ്ക്ക് സമാന്തരമായി ഘടിപ്പിച്ച് വെള്ളം കടത്തിവിട്ടാണ് ചെടികൾ വളർത്തുന്നത്. പൈപ്പിൽ ദ്വാരമിട്ട് ചെറിയ ഗ്ലാസുകളിലാക്കി ഇറക്കിവയ്ക്കുന്ന തൈകൾ ഉറപ്പിക്കാൻ പോലും മണ്ണ് ഉപയോഗിക്കുന്നില്ല. പകരം ചെറിയ കരിങ്കൽ കഷണങ്ങൾ നിറച്ചാണ് ചെടികൾ ഉറപ്പിച്ച് നിർത്തുന്നത്. ചെടികളുടെ വേരുകൾ മാത്രം വെള്ളത്തിൽ മുങ്ങികിടക്കുന്ന രീതിയിലാണ് ചെടികൾ വയ്ക്കുന്നത്. മീനുകളെ വളർത്തുന്ന ടാങ്കിൽ നിന്നുള്ള ജലമാണ് പൈപ്പിനുള്ളിലൂടെ കടത്തിവിടുന്നത്. മത്സ്യവിസർജ്യം ഈ ജലത്തിൽ അടങ്ങിയതിനാൽ ചെടിയ്ക്ക് മറ്റ് വളങ്ങളുടെ ആവശ്യമില്ലെന്ന് സുധീഷ് പറയുന്നു.

1

രണ്ട് ജലസംഭരണി, ചെറിയ മോട്ടോർ, കുറച്ച് കരിങ്കൽ കഷണങ്ങൾ, വെള്ളം എന്നിവയുണ്ടെങ്കിൽ വളരെ ലളിതമായ രീതിയിൽ ഈ കൃഷി സമ്പ്രദായം നടപ്പാക്കാനാകും. മത്സ്യം വളർത്തുന്ന ടാങ്കിൽ നിന്ന് ചെറിയ മോട്ടോർ ഉപയോഗിച്ച് പച്ചക്കറി കൃഷിക്കായുള്ള പൈപ്പുകളിലേക്ക് നിശ്ചിത വേഗത്തിലാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ചെടിയുടെ വേരുകളെ തഴുകി വീണ്ടും മത്സ്യം വളർത്തുന്ന സംഭരണിയിൽ തന്നെ തിരിച്ചെത്തും. ഒരു തുള്ളി ജലം പോലും പാഴാകുന്നില്ലായെന്നതും ശ്രദ്ധേയമാണ്.

3

ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ റണ്ണിംഗ് വാട്ടർ അഗ്രികൾച്ചർ എന്നറിയപ്പെടുന്ന ഈ കാർഷിക രീതി നിലവിലുണ്ട്. അതിന്റെ സാധ്യതകളും അറിവുകളും സുധീഷ് തിരിച്ചറിഞ്ഞതും വിവരങ്ങൾ ശേഖരിച്ചതും ഇന്റർനെറ്റിൽ നിന്നാണ്. ബിടെക് ബിരുദദാരിയായ സുധീഷ് അച്ഛൻ പിപി സുദനിൽ നിന്ന് ചെറുപ്പകാലത്ത് തന്നെ പ്ലംബിഗ് ജോലികൾ സ്വായത്തമാക്കിയിരുന്നു. ഇത് നിലവിലെ കൃഷി രീതിക്കായി പ്രയോജനപ്പെടുത്താനും സാധിച്ചുവെന്നും സുധീഷ് പറഞ്ഞു.

ചെടികൾക്ക് വളരാൻ ആവശ്യമായ നൈട്രജനടക്കം മത്സ്യവിസർജ്യമടങ്ങിയ ജലത്തിൽ ഉള്ളതിനാൽ ചെടിയ്ക്ക് പുറമെ നിന്ന് യാതൊരു തരത്തിലുള്ള കീടനാശിനികളും വളപ്രയോഗങ്ങളും ആവശ്യമില്ല. അതുകൊണ്ട് തന്നെ ഈ കാർഷിക രീതി നൂറുശതമാനവും ജൈവകൃഷിയാണെന്ന് പറയാം. വിഷരഹിത പച്ചക്കറിയ്ക്കായി മുറവിളി കൂട്ടുന്ന കേരളത്തിന് മികച്ച മാതൃകയാവുകയാണ് സുധീഷിന്റെ ഈ ജൈവകാർഷിക രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel