തോട്ടം തൊഴിലാളി സമരം വ്യാപിക്കുന്നു; ആറളം സൂര്യനെല്ലി ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക്; ആറളത്ത് 21 മുതൽ സമരം

മൂന്നാർ: മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ബോണസ്, ദിവസക്കൂലി വർധന ആവശ്യപ്പെട്ടാണ് സ്ത്രീ തൊഴിലാളികൾ സമരം ആരംഭിച്ചത്. ഹാരിസണിന്റെ കീഴിലുള്ള അഞ്ച് ഡിവിഷനുകളിലെ 800 സ്ത്രീ തൊഴിലാളികളും സമരരംഗത്ത് ഇറങ്ങി. ബോണസ് 20 ശതമാനമാക്കി വർധിപ്പിക്കുക, ദിവസക്കൂലി 500 രൂപയാക്കി ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ബോണസ് ഇനത്തിൽ 8.33 ശതമാനം തുക കമ്പനി തൊഴിലാളികൾക്ക് നൽകിയിരുന്നു. കണ്ണൻദേവൻ കമ്പനിയിലെ തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സൂര്യനെല്ലിക്കാരും സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇന്നലെ ആയിരത്തോളം സ്ത്രീകൾ ഒന്നുചേർന്ന് ഹാരിസൺ ഓഫീസ് ഉപരോധിക്കുകയും ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഹാരിസണിന്റെ കീഴിലുള്ള പൂപ്പാറ, ആനയിങ്കൽ, പന്നിയാർ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്.

അതേസമയം, ആറളം ഫാമിലെ തൊഴിലാളികളും സമരരംഗത്തേക്കിറങ്ങുകയാണ്. 240 പ്രവൃത്തി ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശമ്പള പരിഷ്‌ക്കരണം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here