വീണ്ടും വീണ്ടും വിളിക്കുന്ന തെങ്കാശി; സിനിമയിലും പാട്ടിലും കേട്ടുപതിഞ്ഞ തെങ്കാശിപ്പട്ടണം കണ്ടു മതിയാകാത്ത കാഴ്ചകളുടെ ദേശം

തെങ്കാശി.., സിനിമകളിലും പാട്ടുകളിലും മാത്രമായിരുന്നു ഞാന്‍ തെങ്കാശിയെ കുറിച്ച് കേട്ടത്. ഒരുപാട് സിനിമകളും ചിത്രങ്ങളും തെങ്കാശിയില്‍ നിന്ന് പിറന്നെങ്കില്‍ ഒരു സൗന്ദര്യം അവിടെ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഒരു തെങ്കാശി യാത്ര ഒരുപാട് കാലമായി ആലോചിച്ചിരുന്നു.

ഒരു ചെറിയ അവധി ഒത്തുകിട്ടിയപ്പോള്‍ ഒന്നും ആലോചിച്ചില്ല. നേരെ വിട്ടു. ഒരു ചെറിയ യാത്ര, ‘തെങ്കാശിപട്ടണം’ കാണാന്‍. ഓഗസ്റ്റ് മാസം ആയതുകൊണ്ടാണോ അല്ലെങ്കില്‍ എന്നെ കണ്ടപ്പോള്‍ തെങ്കാശിയിലെ മഴമേഘങ്ങള്‍ കരഞ്ഞതാണോ, പൊട്ടി ചിരിച്ചതാണോ എന്നൊന്നും അറിയില്ല. തമിഴകത്തിന്റെ തെങ്കാശിയില്‍ ഞാന്‍ കാലുകുത്തുമ്പോള്‍ നല്ല കുളിരുള്ള ചാറ്റല്‍ മഴയുണ്ടായിരുന്നു.

14_big

ഒറ്റ നോട്ടത്തില്‍ ഉറപ്പിച്ചു പറയാം തെങ്കാശി കര്‍ഷകരുടെ നാടാണ്. എവിടെ നോക്കിയാലും കാലാവസ്ഥയെ പോലും വകവയ്ക്കാതെ ജോലി ചെയ്യുന്നവര്‍. പലതരം വിളവുകള്‍ക്കിടയില്‍ അവര്‍ പുഞ്ചിരിയോടെ ജോലി തുടങ്ങി. ആ ഗ്രാമത്തിന്റെ ഭംഗി തന്നെയാണ് തെങ്കാശിയെ തെങ്കാശിയാക്കുന്നത്. കുറ്റാലം വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രകൃതി, സൗന്ദര്യം വാരിക്കോരി നല്‍കിയ ഒരു കുഞ്ഞു സുന്ദരഗ്രാമം. തെങ്കാശിയില്‍ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. കൊത്തിവച്ച ശിലകള്‍ തെങ്കാശിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. നിറഞ്ഞു നില്‍ക്കുന്ന തടാകങ്ങളും പൊക്കലും മണ്ണും മഴയും മണവും തെങ്കാശിയോട് കൂടുതല്‍ അടുപ്പം തോന്നിച്ചു.

6257131906_78e6ce15e2_b

തെങ്കാശിയെന്നാല്‍ ദക്ഷിണ കാശിയാണ്. ശിവനും ഉലഗമ്മനും കുലശേഖര നാഥനും ഒരുമിച്ചു വാഴുന്ന ക്ഷേത്രങ്ങളും, മുസ്ലിം ക്രിസ്ത്യന്‍ ദേവാലയങ്ങളുമുള്ള ചെറിയ കാശി. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തിലാണ് സുന്ദരി തെങ്കാശി. എന്നാല്‍ തെങ്കാശിയിലും പേടിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്. തെങ്കാശിയിലെ പ്രകൃതി നിരീക്ഷണ സങ്കേതമാണ് മയുര ഫാം. ഫാമിന് അടുത്തായുള്ള വനത്തില്‍ നിന്നും തെങ്കാശിയുടെ ചന്തം കെടുത്താന്‍ ഇടയ്‌ക്കൊക്കെ കാട്ടാനക്കൂട്ടങ്ങള്‍ എത്താറുണ്ടെന്നും കേട്ടു. തണ്ണീര്‍ത്തടങ്ങളാണ് തെങ്കാശിയുടെ മറ്റൊരു സൗന്ദര്യം. ഒരുകൂട്ടം പക്ഷികളെയും കാണാം അവിടെ. ഒരുപപല ഇനങ്ങളില്‍ പെട്ടവ. അന്നുവരെ കാണാത്ത പക്ഷികളെ തെങ്കാശി എനിക്ക് കാണിച്ചു തന്നു. കൈയിലൊരു ബൈനോക്കുലര്‍ ഇല്ലാത്തത് ഒരുകുറവായി തോന്നിയ നിമിഷങ്ങള്‍.

11422855124_021bd41c15_b

തമിഴ്‌നാടിന്റെ രുചി എന്റെ നാവുകള്‍ക്ക് അപരിചിതമാല്ലാത്തതു കൊണ്ടാവാം ഭക്ഷണം കഴിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷെ, ആ ചെറിയ ഹോട്ടലില്‍ എന്നെ ആകര്‍ഷിച്ചത് ഏതോ സിനിമയുടെ ഷൂട്ടിംഗിനു വന്ന നായകനും കൂട്ടുകാരുമായിരുന്നു. ഇടയ്ക്ക് നിലച്ചിരുന്ന ചാറ്റല്‍മഴ ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി. മഴ നനയാന്‍ ഇഷ്ടമാണെങ്കിലും പനിപിടിച്ചു കിടക്കാന്‍ മടിയായതു കൊണ്ട് മഴയെ ആസ്വദിക്കാതെ വിട്ടു. പക്ഷെ ചുറ്റും നോക്കിയപ്പോള്‍ എല്ലാവരും മഴയുടെ കുളിരും സുഖവും നുകരുകയായിരുന്നു.

Papanasam 5 - Bana Theertham
അന്നുരാത്രിയെങ്കിലും അവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു. നിലാവില്‍ കുളിച്ചു കിടക്കുന്ന തെങ്കാശി കൂടുതല്‍ സുന്ദരിയാണെന്ന് കേട്ടിടുണ്ട്. ആ സുന്ദരിയെ കണ്ടു മടങ്ങാം എന്നുണ്ടായിരുന്നെങ്കിലും കാര്‍മേഘങ്ങള്‍ സമ്മതിക്കാത്തതിനാലും തിരിച്ചു പോവാന്‍ പറഞ്ഞു നിര്‍ത്താതെ കരഞ്ഞതിനാലും തെങ്കാശിയോട് തല്‍ക്കാലത്തേക്ക് വിടപറഞ്ഞു. നിലാവില്‍ കുളിച്ച് സുന്ദരിയായിരിക്കുന്ന ‘തെങ്കാശിപട്ടണം’ കാണണം. ഇനിയൊരിക്കലാവട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here