വക്കം മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും – Kairalinewsonline.com
Kerala

വക്കം മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും

കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി. 12ന് നടന്ന എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നേതാക്കളെ പിഎസ്‌സി അപമാനിച്ചത്.

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി. 12ന് നടന്ന എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ പിഎസ്‌സി അപമാനിച്ചത്. ‘ കാഫിര്‍’ എന്ന് അറിയപ്പെടുന്നതാര് എന്നായിരുന്നു പിഎസ്‌സിയുടെ ചോദ്യം. കളത്തിങ്കല്‍ മുഹമ്മദ്, തൈക്കാട് അയ്യ, വക്കം മൗലവി, കുമാര ഗുരു എന്നിവരില്‍ നിന്നാണ് ഉത്തരം തെരഞ്ഞെടുക്കേണ്ടത്. പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍ പുറത്തുവിട്ട സൂചികയിലെ ഉത്തരം വക്കം മൗലവി എന്നാണ്. കാഫിര്‍ എന്നത് അനഭിമതരായവരെ വിളിക്കുന്ന അറബിക് പദമാണ്. ഇസ്ലാം മതത്തിന് അനഭിമതരായവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

എസ്‌ഐ ടെസ്റ്റിനുള്ള എഴുത്തു പരീക്ഷയില്‍ അബദ്ധം നിറഞ്ഞ ചോദ്യം വന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലെ നവേത്ഥാന നായകരില്‍ പ്രമുഖനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ അപമാനിക്കുകയാണ് പിഎസ്‌സി ചെയ്തത് എന്നാണ് വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. ചോദ്യകര്‍ത്താവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പിഎസ്‌സി ചോദ്യം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു. വക്കം മൗലവിയെ അപമാനിച്ചതിനെതിരെ പിഎസ് സിയെ പ്രതിഷേധം അറിയിക്കാനും വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനായ പൊയ്കയില്‍ കുമാരഗുരുദേവന്റെ പേര് കുമാരഗുരു എന്ന് മാത്രമാണ് നല്‍കിയത്. ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാസ്വാമിയുടെ പേരും ചോദ്യപ്പേപ്പറില്‍ അപൂര്‍ണ്ണമാണ്. തൈക്കാട് അയ്യാ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തരത്തിലെ ഒന്നാമത്തെ ഓപ്ഷന്‍ കളത്തിങ്കല്‍ മുഹമ്മദ് എന്ന പേരാണ്. കേരളത്തിലെ നവോത്ഥാന നായകരില്‍ കളത്തിങ്കല്‍ മുഹമ്മദ് ആര് എന്ന കേരളത്തിലെ പ്രമുഖ ചരിത്രാന്വേഷികള്‍ക്കും അറിയില്ല.

പിഎസ്‌സി പരീക്ഷയില്‍ തെറ്റുകള്‍ സാധാരണമാണ്. എന്നാല്‍ ഒരു ചോദ്യത്തില്‍ തന്നെ ഇത്രയും ഗുരുതരതെറ്റുകള്‍ വന്നതില്‍ സാംസ്‌കാരിക കേരളവും പ്രതിഷേധവുമായി വന്നു കഴിഞ്ഞു. നവേത്ഥാന നായകരെ അപമാനിച്ച സംഭവത്തില്‍ പിഎസ്‌സി ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published.

To Top