ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തം കണ്ട മട്ടു നടിക്കാത്ത കോര്‍പറേഷനെതിരെ ഇടതുമുന്നണി പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു

കൊച്ചി: കേരളത്തെ നടുക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തോട് കൊച്ചി നഗരസഭ അധികാരികളും സര്‍ക്കാരും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ തുടരുന്ന നിരാഹാര സമത്തിന് ജനപിന്തുണ ഏറുന്നു.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.ജനതാല്‍പര്യം സംരക്ഷിക്കാത്ത സര്‍ക്കാരും നഗരസഭ അധികാരികളും സമരത്തോടും തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടപകടം നടന്ന് 11 ജീവനുകള്‍ പൊലിഞ്ഞിട്ട് 21 ദിവസം പിന്നിടുമ്പോഴും അപകടത്തില്‍ പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരത്തുക പോലും പ്രഖ്യാപിച്ചിട്ടില്ല എന്നറിയുമ്പോഴാണ് അപകടത്തോടു സര്‍ക്കാരും നഗരസഭ അധികാരികളും തുടരുന്ന അവഗണനയുടെ വ്യാപ്തി എത്രത്തോളമെന്ന് തിരിച്ചറിയൂ. ഈ അവഗണനയ്‌ക്കെതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ് സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി എ ഷക്കീര്‍ തുടങ്ങിയവര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസം പിന്നിടുന്നു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ നഗരസഭയ്ക്ക് മുന്നിലെ സമരപന്തലിലെത്തി സത്യാഗ്രഹികളെ സന്ദര്‍ശിച്ചു.

ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, അപകടത്തില്‍ പരിക്കേറ്റവര്‍, വിവിധ സംഘടനകള്‍, കലാകാരന്‍മാര്‍ തുടങ്ങി നിരവധി ജനങ്ങളും നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്.
ബോട്ട് ദുരന്തത്തിന്റെ അന്വേഷണത്തില്‍ മേയര്‍, നഗരസഭ സെക്രട്ടറി, കരാറുകാര്‍ എന്നിവരെ പ്രതിചേര്‍ക്കുക, സമഗ്രമായ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തുക, അടിയന്തരമായി സുരക്ഷിതമായ ബദല്‍ യാത്ര സംവിധാനം ഒരുക്കുക, തുടങ്ങിയ ആവശ്യങ്ങളും എല്‍ ഡി എഫ് ഉന്നയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here