തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

സിനിമാ സംഘടനകൾ തമ്മിലുള്ള തർക്കം അവസാനിച്ച സാഹചര്യത്തിൽ മൂന്ന് മലയാള ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിലെത്തും. പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും വിതരണക്കാരുടെ സംഘടനയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് റിലീസ് ഇന്നത്തേക്ക് മാറ്റിയത്.

ആർഎസ്‌വിമൽ സംവിധാനം ചെയ്ത് പൃഥിരാജ് നായകനാകുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ. മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. പൃഥ്വിരാജും, പാർവതി മേനോനുമാണ് വെള്ളിത്തിരയിൽ നായകനെയും നായികയെയും അനശ്വരമാക്കുന്നത്.

ന്യൂട്ടൻ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സായികുമാർ, ബാല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ജോമോൻ ടി ജോണാണ് ക്യാമറ.

ബാലചന്ദ്രമേനോൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ഞാൻ സംവിധാനം ചെയ്യും. സിനിമയെ അഗാധമായി പ്രണയിക്കുന്ന എൻഎഫ്ഡിസി ഉദ്യോഗസ്ഥൻ കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് മേനോൻ അവതരിപ്പിക്കുന്നത്. ഭാര്യയുടെ വേഷത്തിൽ ശ്രീധന്യയും മകളായി പുതുമുഖം ദക്ഷിണയും വേഷമിടുന്നു. മധു, രഞ്ജി പണിക്കർ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, കലാഭവൻ ഷാജോൺ, ശശി കലിംഗ, സുധീർ കരമന, വിനീത്, രവീന്ദ്രൻ, ധർമജൻ, കവിയൂർ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, പി ശ്രീകുമാർ തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കൾ. ശങ്കർ-മേനക ജോഡികളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. പൂവച്ചൽ ഖാദറാണ് ഗാനങ്ങൾ. ബാലചന്ദ്രമേനോനാണ് സംഗീതം നിർവഹിക്കുന്നത്.

ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. അഞ്ചു കള്ളന്മാരുടെ രസകരമായ കഥ പറയുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, കലാഭവൻ ഷാജോൺ, അജു വർഗീസ്, ഇന്നസന്റ്, ശ്രീജിത് രവി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, വനിത, തെസ്‌നിഖാൻ എന്നിവർ അണിനിരക്കുന്നു. അന്യയും ജാനകിയു(ബ്ലാക്ക് ഫെയിം)മാണ് നായികമാർ. ഗാനങ്ങൾ- ഹരിനാരായണൻ, ജിജു അശോകൻ. സംഗീതം- ഗോപീസുന്ദർ. ഛായാഗ്രഹണം-വിഷ്ണു നാരായണൻ. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥനാണ് നിർമിച്ചത്.

അതേസമയം, ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൈഫ് ഓഫ് ജോസൂട്ടി അടുത്ത വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. സെൻസറിംഗ് സംബന്ധിച്ച പ്രശ്‌നമുള്ളതിനാലാണ് റിലീസ് നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News