കുടിച്ച് പൂസായി വിമാനത്തില്‍ കയറുന്നവരോട്; പിടിക്കപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ പറക്കാനാവില്ല

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുമ്പ് രണ്ടെണ്ണം പിടിപ്പിക്കാം എന്ന് കരുതുന്നവര്‍ അറിയാന്‍. കുടിച്ച് പൂസായി വിമാനത്തില്‍ കയറി പിടിക്കപ്പെടുന്നവരെ ആജീവനാന്തം വിമാനയാത്രയില്‍ നിന്ന് വിലക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കം. അമിതമായി മദ്യപിച്ച യാത്രക്കാര്‍ പിടിക്കപ്പെട്ടാല്‍ പിന്നീട് ആഭ്യന്തര വിമാനസര്‍വീസുകളില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇനി വിമാനത്തില്‍ കയറി കുടിക്കാമെന്നാണെങ്കില്‍ അവിടെയുമുണ്ട് പ്രശ്‌നം. നല്‍കപ്പെടുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും തീരുമാനമുണ്ട്. വിമാനത്തിലിരുന്ന് അമിതമായി മദ്യപിച്ച് ശല്യമുണ്ടാക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമേ ഇത്തരം യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്താനും ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു. ആഭ്യന്തര സര്‍വീസുകളിലെ യാത്രക്കായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക. വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തും. എയര്‍പോര്‍ട് ടെര്‍മിനലുകളില്‍ നിന്ന് കൂടുതല്‍ മദ്യം വാങ്ങുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തും. ചില വിമാന കമ്പനികള്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം നടപ്പാക്കിയിട്ടുണ്ട്. ഈമാസം തന്നെ ജെറ്റ് ടു എന്ന ആഭ്യന്തര വിമാനകമ്പനി ഇത്തരത്തില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ 14 യാത്രക്കാരെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിമാനത്തിന്റെ ബാത്ത്‌റൂമില്‍ പുകവലിക്കുക, കാബിന്‍ ക്രൂവിന് നേരെ അക്രമം നടത്തുക, അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുക, വസ്തുവകകള്‍ നശിപ്പിക്കുക തുടങ്ങിയവയാണ് വിമാനത്തില്‍ മദ്യപിക്കുന്നവര്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍. ഈവര്‍ഷം ഇതുവരെ ഇത്തരത്തില്‍ 156 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി സിവില്‍ ഏവിയേഷന്റെ കണക്കില്‍ പറയുന്നു. 2014-ല്‍ ഇത് 114 കേസുകളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here