പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എഴുപതിലധികം മലയാള ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കുറച്ചുനാളായി പിന്നണി ഗാനരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. ലളിതഗാന രംഗത്ത് നിന്നാണ് രാധിക ചലച്ചിത്ര പിന്നണി രംഗത്തേക്കെത്തുന്നത്.

ഗുരു, ദയ, കന്മദം, നന്ദനം, അമ്മക്കിളിക്കൂട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. മായാ മഞ്ചലില്‍, നിന്റെ കണ്ണില്‍ വിരുന്നുവന്നു തുടങ്ങി നിരവധി ഗാനങ്ങള്‍ പാടിയത് രാധിക തിലകാണ്. കെജെ യേശുദാസ്, എംജി ശ്രീകുമാര്‍, സുജാത തുടങ്ങിയവര്‍ക്കൊപ്പം പാടിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി, കൈതപ്രം തുടങ്ങിയ പ്രമുഖരുടെ വരികള്‍ക്ക് നിരവധി തവണ മധുര ശബ്ദം നല്‍കിയത് രാധിക തിലകാണ്. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു. രാധിക തിലകിന്റെ മൃതദേഹം നാളെ വൈകിട്ട് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here