അന്ധവിശ്വാസങ്ങളെ വാരിപ്പുണരുന്ന നാട്; പൊലിഞ്ഞ ജീവിതങ്ങള്‍ നിരവധി; ഏതുദൈവം പൊറുക്കും

കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്. സതിയും അയിത്തവും നിലനിന്ന കാലത്തുനിന്ന് ഭരതീയ സങ്കല്‍പ്പങ്ങള്‍ ഇക്കാലഘട്ടത്തിലും അധികം മുന്നോട്ടുപോയിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ നിന്ന് കേട്ട നരബലിക്കഥകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രം ചൊവ്വാഗ്രഹത്തെ തൊട്ടിട്ടും ദോഷപരിഹാരങ്ങള്‍ക്കായി നരബലി അടക്കമുളള അന്ധവിശ്വാസങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. പുരോഗമന ചിന്താകാലഘട്ടത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അന്തരം വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഇത്തരം സംഭവങ്ങള്‍.
ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടുകളിലും വിദ്യാഭ്യാസത്തിലും മറ്റും പിന്നോക്കം നില്‍ക്കുന്ന ഗോത്ര വിഭാഗങ്ങളിലും മനുഷ്യക്കുരുതി ഇന്നും നിലനില്‍ക്കുന്ന ആചാരമാണ്. നരബലിക്കിടെ കൊല്ലപ്പെട്ട ഏഴുപേരുടെ മൃതദേഹങ്ങള്‍ ചെന്നൈയിലെ ഗ്രാഫൈറ്റ് ക്വാറിയില്‍നിന്ന് കണ്ടെത്തിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.

ജാതിമത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലും ചെറുതും വലുതുമായ അന്ധവിശ്വാസങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരില്‍പ്പോലും ചിലര്‍ ഇത്തരം വിശ്വാസങ്ങളുടെ അടിമകളാണ്. പ്രാദേശികപരമായി നിലനിലക്കുന്ന സാമൂഹിക സാംസ്‌കാരിക ഘടകങ്ങള്‍ ഇത്തരം വിശ്വാസങ്ങളില്‍ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും ആശ്രയിക്കുന്നവരെ ചൂഷണം ചെയ്തു ജീവിക്കുന്ന മറ്റൊരു വിഭാഗംകൂടി ശക്തിയാര്‍ജിക്കുന്നത് ഇത്തരം അപകടങ്ങളുടെ ആക്കം കൂട്ടുന്നതേയുളളൂ.

മന്ത്രവാദികള്‍ക്ക് മുതല്‍ ആള്‍ദൈവങ്ങള്‍ക്ക് വരെ വളക്കൂറുളള മണ്ണായി സാക്ഷര സമ്പന്നരുടെ കേരളവും മാറിക്കഴിഞ്ഞു. കൊല്ലത്ത് മന്ത്രവാദി പെണ്‍കുട്ടിയെ ചവിട്ടിക്കൊലപ്പെടുത്തിയതുപോലെ പുറത്തറിയുന്ന ദുരാചാര മരണങ്ങളേക്കാള്‍ വളരെയിരട്ടി സംഭവങ്ങള്‍ മൂടിവെക്കപ്പെടുന്നുണ്ട്. ജോത്സ്യന്റെ വാക്കുകേട്ട് മദ്യപനായ പിതാവ് കുഞ്ഞിനെ തറയിലടിച്ച് കൊലപ്പെടുത്തിയത് അമ്പലപ്പുഴയിലാണ്. അനാചാരങ്ങളുടെ പിടിയിലകപ്പെട്ട ആദിവാസി ഊരുകളിലും സമാന ജീവഹാനികളുണ്ടാകുന്നു.

രോഗശമനത്തിന് മുതല്‍ ഭാഗ്യസിദ്ധിക്ക് വരെയാണ് മനുഷ്യന്‍ മന്ത്രവാദങ്ങളെ കൂട്ടുപിടിക്കുന്നത്. 2013ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ എന്ന സ്ഥലത്ത് നിധി കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ കോടികള്‍ മുടക്കിയത് രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയതാണ്. ശോഭന്‍ സര്‍ക്കാര്‍ എന്ന സിദ്ധന്റെ സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് കോടികള്‍ ഒഴുക്കി പരാജയപ്പെട്ടത്.

മതേതരരാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും ഏതുതരം വിശ്വാസത്തേയും പിന്‍തുടരാന്‍ അവകാശമുണ്ട്. പ്രാര്‍ത്ഥനകളേയും വിലക്കേണ്ടതില്ല. എങ്കിലും സമൂഹത്തെ കാര്‍ന്നു തിന്നുന്ന സഹജീവിയുടെ ജീവിക്കാനുളള അവകാശത്തെ നിഷേധിക്കുന്ന എല്ലാത്തരം അന്ധവിശ്വാസങ്ങളേയും എതിര്‍ത്തേ തീരൂ. ദേവപ്രീതിക്കായി മനുഷ്യന്‍ മനുഷ്യനെ കുരുതികൊടുക്കുന്നത് ഏതുദൈവമാണ് പൊറുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel