കൊച്ചി ബിനാലേയ്ക്ക് എം എ യൂസഫലിയുടെ ഒരു കോടി; ബിനാലേ കലയുടെ അതിരുകള്‍ രാജ്യാതിര്‍ത്തി കടക്കുന്ന വിശാല കാന്‍വാസെന്ന് ലുലു എംഡി

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലേയുടെ മൂന്നാം എഡിഷന് പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ഒരു കോടി രൂപ ധനസഹായം. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ നിഷാദ് ചെക്ക് കൊച്ചി ബിനാലെ പ്രസിഡന്റ് ശ്രീ ബോസ് കൃഷ്ണമാചാരിക്ക് കൈമാറി. ഡിസംബര്‍ 12 മുതലാണ് ബിനാലേയുടെ മൂന്നാം എഡിഷന്‍. ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, മാനേജര്‍ വി.പീതംബരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തിലെ പ്രശസ്ത കലാകാരന്മാര്‍ ദൈവത്തിന്റെ നാട്ടിലേക്ക് എത്തുന്നതിലൂടെ കലയുടെ അതിരുകള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്ന വിശാലമായ ക്യാന്‍വാസായി കൊച്ചി ബിനാലെ മാറുകയാണെന്ന് യൂസഫലി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. കല എന്നതിന് നമ്മള്‍ കാണുന്നതിനപ്പുറം എത്രയോ തലങ്ങളുണ്ടെന്ന് ബിനാലെ ഓര്‍മിപ്പിക്കുന്നു. അത്തരമൊരു പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല, കൊച്ചിയുടെ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുന്ന, കേരളത്തിന് അഭിമാനമായി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ സംരംഭത്തെ പിന്തുണയ്‌ക്കേണ്ടത് പൊതുജനങ്ങളുടെയും വ്യവസായലോകത്തിന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ബിനാലെയുടെ കഴിഞ്ഞ എഡിഷന് ശ്രീ യൂസഫ് അലി അര കോടി രൂപ നല്‍കിയിരുന്നു അന്ന് ബിനാലെ സന്ദര്‍ശിച്ചപ്പോള്‍ മൂന്നാം എഡിഷന് അദ്ദേഹം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. കലയുടെ മാര്‍ദ്ദവ ശക്തി നല്‍കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബിനാലെയെ ഇന്ത്യയുടെ അഭിമാനാര്‍ഹമായ സാംസ്‌കാരിക പരിപാടിയായി നിലനിര്‍ത്താനും യൂസഫലി നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ സംസാരിച്ച ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. കലയ്ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്കുന്നതിലൂടെ ജനസേവനം നടത്തുന്ന പ്രസ്ഥാനമായ കൊച്ചി ബിനാലെ ഫൗണ്ടേഷന് കലയുടെ രക്ഷാധികാരിയായി യൂസഫലി പ്രവര്‍ത്തിക്കുന്നതില്‍ അങ്ങേയറ്റം നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത കലാകാരനായ സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന 2016 ബിനാലെയുടെ പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News