സുരേഷ് പ്രഭു റെയില്‍വേയുടെ പ്രഭുവായില്ല; ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളിലും ചെലവു കൂടുന്നതിലും പ്രധാനമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തി

ദില്ലി: ഡി വി സദാനന്ദഗൗഡയെ മാറ്റി സുരേഷ് പ്രഭുവിനെ റെയില്‍വേ മന്ത്രിയാക്കുമ്പോല്‍ കണ്ട സ്വപ്‌നങ്ങള്‍ സഫലമായില്ല. പദ്ധതികളുടെ മെല്ലപ്പോക്കിലും ചെലവിലുണ്ടാകുന്ന വര്‍ധനയിലും കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കു കടുത്ത അതൃപ്തി. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും അതൃപ്തിയുളവാക്കുന്നതാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രകുമാര്‍ മിശ്ര പ്രധാനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്‌റ്റേഷനുകളുടെ വികസനം, അതിവേഗ റെയില്‍ കൊറിഡോറുകളുടെ പദ്ധതി എന്നിവയില്‍ റെയില്‍വേ വകുപ്പ് ഒട്ടും മുന്നേറാത്തതു പ്രധാനമന്ത്രിയുടെ ലക്ഷ്യത്തെ തകിടം മറിക്കുന്നു. പദ്ധതികളുടെ ഭാവി നിര്‍വഹണം കൂടുതല്‍ കൃത്യമായ ആസൂത്രണത്തോടെയും നിര്‍വഹണത്തോടെയും വേണം. നിതിന്‍ ഗഡ്കരി നേതൃത്വം നല്‍കുന്ന ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നും അതുമായി താരതമ്യം ചെയ്യുമ്പോള്‍ റെയില്‍വേ ഒട്ടും കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്നും നൃപേന്ദ്ര കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയ വകുപ്പുകളിലൊന്നാണ് റെയില്‍വേ. നിരവധി പദ്ധതികളാണ് മോദി ആസൂത്രണം ചെയ്തത്. എന്നാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യയും സ്വച്ഛഭാരതും പോലെ പദ്ധതികളെല്ലാം പാളുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിദേശ, സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിച്ചു പദ്ധതികള്‍ നടപ്പാക്കാനും അതുവഴി റെയില്‍വേയുടെ സാമ്പത്തികാവസ്ഥ ഭദ്രമാക്കാനുമായിരുന്നു സുരേഷ് പ്രഭുവിന്റ ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ഇതുവരെ കാര്യമായ നിക്ഷേപം റെയില്‍വേയിലേക്കു കൊണ്ടുവരാനായില്ല.

ആദ്യ പാദവര്‍ഷത്തില്‍തന്നെ ബജറ്റ് വിഹിതത്തിന്റെ അഞ്ചിലൊന്നു തുക റെയില്‍വേ ചെലവഴിച്ചുവെന്നാണ് നൃപേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു മുന്‍വര്‍ഷം ഇക്കാലയളവില്‍ ചെലവഴിച്ചതിനേക്കാള്‍ 25 ശതമാനം അധികമാണ്. ഇക്കുറി ബജറ്റില്‍ പുതിയ പദ്ധതികളോ ട്രെയിനുകളോ അനുവദിക്കാത്ത സാഹചര്യത്തില്‍കൂടിയാണ് ചെലവില്‍ ഇത്രവലിയ വര്‍ധനയുണ്ടായത്.

റെയില്‍വേയില്‍ വിപ്ലവം നടപ്പാക്കുമെന്ന മോദിയുടെയും സുരേഷ് പ്രഭുവിന്റെയും പ്രഖ്യാപനം പാളിപ്പോയെന്നു വ്യക്തമാവുകയാണ്. പദ്ധതികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദമുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നു റെയില്‍വേയ്ക്കുള്ളില്‍തന്നെ ആക്ഷേപമുണ്ട്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍പാതയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് ജൂലൈയില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പേരു വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, സാധാരണ ഗതിയില്‍ ഉള്ള അവലോകനത്തിന്റെ ഭാഗം മാത്രമാണ് റിപ്പോര്‍ട്ടെന്നും അത് മന്ത്രാലയത്തോടുള്ള അതൃപ്തിയല്ലെന്നുമാണ് റെയില്‍വേയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News