ഹജ്ജ് ദുരന്തത്തിന്റെ ഉത്തരവാദിത്തം സൗദിക്ക്; കല്ലേറ് ചടങ്ങ് നടക്കുന്നതിന് സമീപത്തെ രണ്ടു പാതകൾ അടച്ചിട്ടത് എന്തിനെന്ന് ഇറാൻ; തീർഥാടകരുടെ അച്ചടക്കമില്ലായ്മയാണ് ദുരന്ത കാരണമെന്ന് സൗദി ആരോഗ്യമന്ത്രി

ടെഹ്‌റാൻ: 717 പേരുടെ മരണത്തിന് ഇടയാക്കിയ ഹജ്ജ് ദുരന്തത്തിന്റെ ഉത്തരവാദിത്തം സൗദി അറേബ്യക്കാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഹുസൈൻ ആമിർ. സൗദി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ദുരന്തം വരുത്തിവച്ചതെന്നും നയതന്ത്ര മാർഗത്തിലൂടെ വേണം ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും

കല്ലേറ് ചടങ്ങ് നടക്കുന്നതിന് സമീപത്തെ രണ്ട് പാതകൾ അടച്ചിട്ടിരിക്കുകയായിരുന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ഇറാൻ ഹജ്ജ് സംഘടനാ തലവനായ സയിദ് ഒഹാദി പറഞ്ഞു. എന്തിനാണ് ഈ രണ്ടു പാതകൾ അടച്ചതെന്ന് സൗദി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് പാതകൾ അടച്ചതോടെ മൂന്നെണ്ണം മാത്രമാണ് മിനായിലെത്താനായി ഉണ്ടായിരുന്നത്. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആരോപണങ്ങൾ. അപകടത്തിൽ മരിച്ചവരിൽ 43 പേർ ഇറാൻ സ്വദേശികളാണ്.

അതേസമയം, തീർഥാടകരുടെ അച്ചടക്കമില്ലായ്മയാണ് ദുരന്തത്തിന് കാരണമായതെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അൽ ഫലിഹ് പറഞ്ഞു. തീർഥാകടർ നിർദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത തരത്തിൽ തീർഥാടകർ എത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൗദി ഇന്റീരിയർ മന്ത്രാലയം വക്താവ് മൻസൂർ അൽ തുർക്കി പറഞ്ഞു. പെട്ടെന്ന് ഇവിടെ തീർഥാടകരുടെ എണ്ണം വർധിക്കാൻ എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് സൽമാൻ രാജാവിന് കൈമാറും. റിപ്പോർട്ടിൻമേലുള്ള ബാക്കിയുള്ള നടപടികൾ സൽമാൻ രാജാവ് തീരുമാനിക്കും.

ദുരന്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുറഹ്മാൻ (51), പാലക്കാട് കണ്ണമ്പുറം സ്വദേശി മൊയ്തീൻ അബ്ദുൾ ഖാദർ എന്നിവരാണ് മരിച്ച മലയാളികൾ. റിയാദിൽ നിന്നാണ് അബ്ദുറഹ്മാൻ ഹജ്ജിന് പോയത്. റിയാദിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവത്തിൽ പരുക്കേറ്റ കാവുങ്ങൽ അബൂബക്കർ ബീരാൻ കോയയെ മിനായിലെ മിനിസ്ട്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി സക്കീബിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

ദുരന്തത്തിൽ ഇതുവരെ 717 മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 863 പേർക്ക് പരുക്കേറ്റു. ഇന്നലെ സുഖുൽ അറബ് റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിൽ ഇരുനൂറ്റി നാലാം നമ്പർ തെരുവിലാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News