ആണ്‍കുട്ടിയെന്നു കളിയാക്കിയ സഹപാഠികള്‍ക്കു മറുപടി നല്‍കി പതിനഞ്ചുവയസുകാരി മുടി മുറിച്ചു വേഷം മാറി; ഭിന്നലൈംഗികതയെക്കുറിച്ചു ചര്‍ച്ച മുറുകുമ്പോള്‍ കേരളത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥ

തിരുവനന്തപുരം: സംസാരത്തിലും നടപ്പിലും ആണ്‍കുട്ടിയുടെ സ്വഭാവമെന്നു കൂട്ടുകാര്‍ വിളിച്ചു കളിയാക്കിയതിനു മറുപടിയുമായി 15 വയസുകാരി വേഷം മാറി നാട്ടില്‍ കറങ്ങി. വെള്ളറട സ്വദേശിനിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മുടി മുറിച്ച്, ആണ്‍ വേഷത്തില്‍ തലസ്ഥാന നഗരത്തില്‍ കറങ്ങിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച്ച് രാവിലെ സ്‌കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വെള്ളറടയില്‍നിന്ന് നെയ്യാറ്റിന്‍കര വഴി തിരുവനന്തപുരത്തെത്തി. അവിടെ നിന്ന് കാട്ടാക്കടയിലെത്തി ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറി ബോയ് കട്ട് മോഡലില്‍ മുടി മുറിക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി ഒരു പബ്ലിക് ടോയ്‌ലെറ്റില്‍ കയറുകയും ബാഗില്‍ കരുതിയിരുന്ന സഹോദരന്റെ ഷര്‍ട്ടും ജീന്‍സും ഷൂവും ധരിച്ച് പുറത്തിറങ്ങുകയും ചെയ്തു. പകല്‍ നഗരം ചുറ്റിയ ശേഷം രാത്രിയില്‍ വെള്ളറട ഡിപ്പോയില്‍ വന്നിറങ്ങി. അവിടെ ചുറ്റി തിരിയുന്നത് കണ്ട ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വരാന്‍ വൈകിയപ്പോള്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വീട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ അവര്‍ക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ കുറേക്കാലമായി ഈ കുട്ടിയെ ആണ്‍കുട്ടികളുടെ സ്വഭാവങ്ങളാണെന്നു പറഞ്ഞു കളിയാക്കുന്നതു പതിവായിരുന്നു. ശബ്ദത്തിലും സ്വഭാവങ്ങളിലും ആണ്‍കുട്ടികള്‍ക്കു സമാനമായ ശീലങ്ങള്‍ ഉണ്ടായിരുന്നതാണ് കാരണം.

ഇന്ത്യയില്‍തന്നെ ഭിന്നലൈംഗിക സമൂഹങ്ങള്‍ക്ക് അംഗീകാരം കിട്ടിത്തുടങ്ങുന്ന കാലത്താണ് കേരളത്തില്‍ ഒരു പെണ്‍കുട്ടിക്കു സമാനസാഹചര്യങ്ങളില്‍ കളിയാക്കലും പരിഹാസവും നേരിടേണ്ടിവന്നത്. ഭിന്നലൈംഗികശേഷിയുള്ളതു എന്തോ കുറ്റമാണെന്ന തോന്നല്‍ കേരളത്തിലും ശക്തമായി നിലനില്‍ക്കുന്നു എന്നു വ്യക്തമാക്കുന്നതായി തിരുവനന്തപുരത്തെ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News