ബ്ലഡ്ഹൗണ്ട് വരുന്നു ലോകത്തെ അതിവേഗ കാറാകാന്‍; 55 സെക്കന്‍ഡില്‍ കൈവരിക്കാനാവുക മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗം

ലണ്ടന്‍: തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്കുള്ള ദൂരം കാറില്‍ പോകാന്‍ എത്രസമയമെടുക്കും. ദിവസങ്ങളെന്നാണ് മറുപടിയെങ്കില്‍ ലണ്ടനില്‍ വികസിപ്പിച്ച പുതിയ കാറിന് ഇത്രയും ദൂരം താണ്ടാന്‍ വേണ്ടിവരിക വെറും ഒന്നര മണിക്കൂറാണ്. മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബ്ലഡ്ഹൗണ്ടാണ് ഇനി ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍.

ഒരു വലിയ സ്വപ്‌നമല്ല അതിവേഗമേറിയ കാര്‍ എന്നു തെളിയിച്ചിരിക്കുകയാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍. റോക്കറ്റുപോലെ കുതിക്കും. യന്ത്രസംവിധാനങ്ങള്‍ ജെറ്റ് വിമാനത്തിന്റെ പകുതിയോളം വരും. കാഴ്ചയില്‍ ഒരു ഭീമന്‍ സ്‌പോര്‍ട്‌സ് കാര്‍ തന്നെയാണ് ലണ്ടനില്‍ അവതരിപ്പിച്ച ബ്ലഡ്ഹൗണ്ട്്. ലോകത്തെമ്പാടുമുള്ള കമ്പനികളിലെയും സര്‍വകലാശാലകളിലെയും 350 സാങ്കേതിക വിദഗ്ധര്‍ വര്‍ഷങ്ങളുടെ ശ്രമത്തിനൊടുവിലാണ് കാര്‍ രൂപകല്‍പന ചെയ്തത്. ഒരു സൂപ്പര്‍ ചാര്‍ജ്ഡ് ജാഗ്വര്‍ വി എട്ട് എന്‍ജിനും രണ്ടു ഹൈബ്രിഡ് റോക്കറ്റുകളുമായി മൂന്ന് ഊര്‍ജ സ്രോതസുകളാണ് കാറിലുള്ളത്. എന്‍ജിന്റെ പ്രവര്‍ത്തനം കൊണ്ട് 350 കിലോമീറ്റര്‍ വേഗത്തിലെത്തുകയും പിന്നീട് റോക്കറ്റുകള്‍ നല്‍കുന്ന ഊര്‍ജത്തില്‍ 1600 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കുകയുമാണു ചെയ്യുക.

55 സെക്കന്‍ഡുകൊണ്ട് 1600 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. പത്തു ദശലക്ഷം പൗണ്ട്, ഏകദേശം 100 കോടി 35 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ലണ്ടനില്‍ പ്രദര്‍ശിപ്പിച്ച കാര്‍ അടുത്തദിവസം ദക്ഷിണാഫ്രിക്കയിലെ മരുഭൂമിയിലെത്തിച്ച് പരീക്ഷണഓട്ടം നടത്തും. ജെറ്റ് പൈലറ്റ് ആന്‍ഡി ഗ്രീനായിരിക്കും വളയം പിടിക്കുക. ലോകത്തു കരയിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിച്ച വാഹനത്തിനുള്ള റെക്കോഡ് സ്വന്തമാക്കാന്‍ ഈ പരീക്ഷണപ്പാച്ചിലിനു കഴിയുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here