കൊച്ചി: ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പുരാതന മെസോപ്പൊട്ടേമിയന്‍ കളിമണ്‍ ആലേഖനങ്ങളില്‍നിന്നായിരിക്കാം പുരാതനകാലത്തെ പ്രളയകഥ ഉത്ഭവിച്ചതെന്ന് പ്രശസ്ത പുരാരേഖ ചരിത്ര വിദഗ്ദ്ധനും പുരാവസ്തു ശാസ്ത്രജ്ഞനുമായ ഡോ.ഇര്‍വിംഗ് ലിയോനാഡ് ഫിന്‍കെല്‍.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും ബ്രിട്ടീഷ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ഫോര്‍ട്ട്‌കൊച്ചിയില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് മ്യൂസിയത്തില്‍ അസിസ്റ്റന്റായിരുന്ന ജോര്‍ജ് സ്മിത്ത് ആണ് ഈ ആലേഖനങ്ങളില്‍നിന്ന് പ്രളയത്തിന്റെ കഥ ചികഞ്ഞെടുത്തതെന്ന് ഫിന്‍കെല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് ബൈബിള്‍ പിന്നോട്ടു വായിച്ച ക്രിസ്ത്യാനികള്‍ക്കുള്ള അങ്കലാപ്പായിരിക്കും ഈ കഥയില്‍നിന്ന് ലഭിച്ചത്. ആലേഖനങ്ങളില്‍ കണ്ട പലതും പുതിയ വിവരങ്ങളായിരുന്നു. അതില്‍ പറഞ്ഞിരുന്ന പെട്ടകത്തിന് കുട്ടവഞ്ചിയുടെ ആകൃതിയായിരുന്നു. ഈ ബാബിലോണിയന്‍ പെട്ടകം പുനഃസൃഷ്ടിക്കാനായി കേരളത്തിലെത്തിയ താന്‍ ഇത്തരമൊന്ന് ഉണ്ടാക്കിയെടുത്തെങ്കിലും ലണ്ടന്‍ മ്യൂസിയത്തിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് ഫിന്‍കെല്‍ പറഞ്ഞു.

മനുഷ്യചരിത്രത്തിലുടെ പര്യവേക്ഷണം നടത്തുന്ന ഫിന്‍കെലിനെപ്പോലെ ഒരു പണ്ഡിതനെയും ശാസ്ത്രജ്ഞനെയും ഗവേഷകനെയും പ്രഭാഷണത്തിന് ലഭിച്ചത് അഭിമാനാര്‍ഹമാണെന്ന് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ജെ. ചെറിയാന്‍ പറഞ്ഞു.
നാലു ദിവസത്തെ കേരള പര്യടനത്തിനെത്തിയിട്ടുള്ള ഫിന്‍കെല്‍ പശ്ചിമേഷ്യയിലെ അസീറിയന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പഠനത്തില്‍ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പുരാതന മെസോപ്പൊട്ടേമിയന്‍ കളിമണ്‍ ആലേഖനങ്ങളുടെ ക്യുറേറ്ററാണ്. പാശ്ചാത്യേതര സംസ്‌കാരങ്ങളില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ബോര്‍ഡ് ഗെയിമുകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന അദ്ദേഹം ‘ഇന്ത്യന്‍ ബോര്‍ഡ് ഗെയിം സര്‍വെ’ എന്ന പ്രോജക്ടിലേര്‍പ്പെട്ടിരിക്കുകയാണ്.