പാലക്കാട് സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ പൊലീസ് അതിക്രമം; ഭാര്യയെയും മക്കളെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; രണ്ടു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു

പാലക്കാട്: പാലക്കാട് അകത്തേത്തറയിൽ സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ പൊലീസ് അതിക്രമം. ഹേമാംമ്പിക നഗർ എസ്‌ഐയും സംഘവുമാണ് പവിത്രദാസ് എന്ന സിപിഐഎം പ്രവർത്തകന്റെ വീട്ടിലെത്തി 2 റൗണ്ട് ആകാശത്തേക്ക് വെടിവയ്ക്കുകയും പവിത്രദാസിന്റെ മകളെ മർദ്ദിക്കുകയും ചെയ്തത്.

ഇന്നലെ രാത്രിയാണ് സംഭവം. പവിത്രദാസിനെ അന്വേഷിച്ചാണ് എസ്‌ഐയും മൂന്നു സിവിൽ പൊലീസ് ഓഫീസർമാരും അകത്തേത്തറയിലെ വീട്ടിലെത്തിയത്. സ്ഥലത്തെത്തിയ പോലീസ് ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന പവിത്രദാസിന്റെ ഭാര്യ സിന്ധു, രണ്ട് പെൺമക്കൾ എന്നിവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, പിന്നീട് മുകളിലേക്ക് രണ്ടു തവണ വെടിയുതിർക്കുകയും ചെയ്തു.

വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. അസുഖബാധിതയായ +2 വിദ്യാർത്ഥിനി ആയ മകൾ സരികയെ പൊലീസ് സംഘം മർദ്ദിച്ചതായും ആക്ഷേപമുണ്ട്. വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ച നിലയിലാണ്. സംഭവത്തെ കുറിച്ച് വീട്ടുകാർ ജില്ലാ കളക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന്, എസ്.പി വിജയകുമാർ ഹേമാംമ്പിക നഗർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.

സിപിഐഎം മൂണ്ടൂർ ഏരിയാ സെക്രട്ടറി ഗോകുൽദാസിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും നാട്ടുകാരും സ്റ്റേഷനിൽ എത്തിയിരുന്നു. പിന്നീട് പവിത്രദാസിന്റെ വീട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സീൽ ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ പവിത്രദാസിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ, ഇയാൾ ആയുധമെടുത്ത് ആക്രമിക്കാൻ ശ്രമിച്ചതാണ് വെടിയുതിർക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here