കോഴിക്കോട്: കള്ളക്കടത്ത് കേസ് പ്രതികൾക്ക് മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുമായി അടുത്ത ബന്ധം. നിരവധി കേസുകളിൽ പൊലീസ് അന്വേഷിക്കുന്ന കൊടുക്കിൽ സഹോദരൻമാരിൽ പ്രമുഖനായ താമരശേരി സ്വദേശി കൊടുക്കിൽ ബാബുവുമായാണ് കെഎം ഷാജിക്ക് അടുത്ത ബന്ധമുള്ളത്.
ബാബു വാങ്ങിയ ആഢംബര കാർ ഷോറൂമിൽ നിന്ന് പുറത്തെത്തിക്കുന്ന കെഎം ഷാജിയുടെ ചിത്രം പീപ്പിളിന് ലഭിച്ചു. കള്ളക്കടത്തു കേസിൽ നിന്ന് കൊടുക്കിൽ സഹോദരൻമാരെ രക്ഷിക്കുന്നത് പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയുടെ പിഎ വഴിയാണ് സമ്മർദ്ദം ചെലുത്തുന്നത്.
കോഴിക്കോട് ബീച്ചിൽ വച്ച് കൊടുവള്ളി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് കൊടുക്കിൽ ബാബു. സ്വർണ്ണക്കടത്ത് രഹസ്യം പുറത്തുവരുമെന്ന് ഭയന്നാണ് ഇവർ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ ബാബുവും നാലു സഹോദരൻമാരുമുൾപ്പെടെ 15 പേരെയാണ് നടക്കാവ് പൊലീസ് അന്വേഷിക്കുന്നത്. ബാബുവിന്റെ താമരശേരിയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയിലാണ് കെഎം ഷാജിക്കൊപ്പമുള്ള ഫോട്ടോ പുറത്തുവന്നത്.
അതേസമയം, പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് പല ആളുകളുമായി ബന്ധമുണ്ടെന്ന് കെഎം ഷാജി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here