മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ; സുക്കറിന്റെയും

നരേന്ദ്രമോദി-സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ചയും തൊട്ടുപിന്നാലെ ത്രിവര്‍ണ്ണത്തില്‍ ഫോട്ടോ ചാലിച്ച് ഇന്ത്യന്‍ ദേശീയതയെ വാനോളം പുകഴ്ത്തി സുക്കര്‍ബര്‍ഗ് തന്നെ സ്ഥാപിച്ച പ്രൊഫൈല്‍ ചിത്രവും ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണല്ലോ. internet.org ന്റെ പുതുരൂപമായ free basics പദ്ധതി, ഇന്ത്യന്‍ ഗ്രാമങ്ങളെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും ശ്രമമായാണ് ഒരുവിഭാഗം കരുതുന്നത്. മറുവിഭാഗമാകട്ടെ നെറ്റ് സമത്വം ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയായാണ് ഇതിനെ കാണുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളെ ഇന്റര്‍നെറ്റിന്റെ പരിധിയില്‍ കൊണ്ടു വരാനുള്ള മോഹം പ്രധാനമന്ത്രിക്കുണ്ടായെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ഈ പദ്ധതിയില്‍ ആഗോളഭീമനായ ഫേസ്ബുക്കിനുള്ള താത്പര്യം എന്താണ്?

ആദ്യം internet.org യുടെ പിറവി പരിശോധിക്കാം. internet.org യെ സുക്കര്‍ബര്‍ഗ് നിര്‍വചിക്കുന്നത് ഇങ്ങിനെയാണ്. ‘internet.org എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വീസസ് കമ്പനിയായ ഫേസ്ബുക്കും ആറു കമ്പനികളും (സാംസംഗ്, എറിക്‌സണ്‍, മീഡിയടെക്, ഒപേറ, നോക്കിയ, ക്വാല്‍കോം) ചേര്‍ന്നുള്ള ഒരു സംയുക്ത സംരഭമാണ്. അവികസിത/വികസ്വര രാജ്യങ്ങളില്‍ പരിമിതമായ ഇന്റര്‍നെറ്റ് സേവനം ചെറിയ ചിലവില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം ‘.ഈ നിര്‍വചനം വ്യക്തമാക്കുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ട്.
1. പരിമിതമായ സേവനം ആണ് ലഭ്യമാക്കുക.
2.അതിന് ചെലവുണ്ട്.

2013 ഓഗസ്റ്റ് 20 നാണ് internet.org നിലവില്‍ വരുന്നത്. പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് സുക്കര്‍ബര്‍ഗ് ഇങ്ങിനെ പറഞ്ഞു ‘ഇന്റര്‍നെറ്റ് ബന്ധം മനുഷ്യാവകാശമാണ്’. 2014 ജൂലൈയില്‍ സാംബിയയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. തുടര്‍ന്ന് ടാന്‍സാനിയ, കെനിയ, കൊളംബിയ, ഘാന, ഇന്ത്യ, ഫിലിപ്പൈന്‍സ്, ഗ്വാട്ടിമാല, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മലാവി, പാകിസ്താന്‍, സെനെഗല്‍, ബൊളീവിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കി തുടങ്ങി. ഇന്ത്യയില്‍ പദ്ധതി പ്രഖ്യാപിച്ചത് 2015 ഫെബ്രുവരി 10നാണ്. ഇന്ത്യയില്‍ റിലയന്‍സാണ് ഫേസ്ബുക്കിന്റെ പങ്കാളി. 2014 ഒക്ടോബര്‍ 9ന് Internet.edu സമ്മേളനത്തിന് സുക്കര്‍ബര്‍ഗ് ഇന്ത്യയില്‍ എത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പദ്ധതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് എങ്ങിനെ സഹകരിക്കാമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഇതിനിടെയാണ് നെറ്റ്‌സമത്വത്തെ ഇല്ലാതാക്കാനുള്ള പദ്ധതിയാണ് internet.org എന്ന വാദമുയരുന്നതും ആദ്യഘട്ടത്തില്‍ പദ്ധതിയുമായി സഹകരിച്ച Cleatrrip പോലുള്ള കമ്പനികള്‍ പദ്ധതിക്ക് ഇരട്ട താത്പര്യമുണ്ടെന്നു പ്രഖ്യാപിച്ച് പിന്‍മാറുന്നതും. എന്നാല്‍ റിലയന്‍സുമായി മുന്നോട്ടു പോകാന്‍ തന്നെ ഫേസ്ബുക്ക് തീരുമാനിക്കുന്നു.ഇതാണ് ഇതുവരെ internet.org പദ്ധതിയെ പറ്റി മാലോകരറിഞ്ഞത്.

ഒരാള്‍ ഫേസ്ബുക്ക് ഉപയോഗത്തില്‍ നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
1.കണ്ടെത്തലിന് വിധേയമാകുക 2.ശൃംഖലയുടെ ഭാഗമാകുക
3.ശൃംഖലയില്‍ നിലനില്‍ക്കുക
4. ശൃംഖലയുടെ പ്രചാരകനാകുക. ഞാനും നിങ്ങളുമൊക്കെ അറിഞ്ഞും അറിയാതെയും ഈ ഘട്ടങ്ങളിലൂടെ കടന്നു പോയിക്കഴിഞ്ഞു. ഇതൊരു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആശയമാണ്.

Internet.org ന്റെ ചരിത്രം പരിശോധിച്ചാല്‍ അവികസിത/വികസ്വര രാജ്യങ്ങളില്‍ മാത്രമാണ് ഈ പദ്ധതി ഫേസ്ബുക്ക് നടപ്പാക്കുന്നത് എന്നു കാണാം. ഇനി ഫേസ്ബുക്കിന് ഇന്ത്യയില്‍ എന്താണ് താല്‍പര്യം എന്നുനോക്കാം. വികസിത രാജ്യങ്ങളെ പോലെ പൗരന്റെ അവകാശ സംരക്ഷണത്തിന് നിയമങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ സംവിധാനം താരതമ്യേന എളുപ്പത്തില്‍ കീഴടങ്ങുന്നതാണ്. അതായത് ഗുണവും ദോഷവും നോക്കാതെ വികസന മുദ്രാവാക്യമുയര്‍ത്തി ഒരു പദ്ധതി നടപ്പാക്കാന്‍ ഇന്ത്യയിലാവും. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കമ്പോളമാണ് ഇന്ത്യ. ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ഏറെയുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഏതാണ്ട് പാരമ്യത്തിലെത്തിക്കഴിഞ്ഞു. അതായത് പുതിയ ഉപഭോക്താവിനെ കിട്ടണമെങ്കില്‍ ഗ്രാമീണ ഇന്ത്യയിലേക്ക് പോകണം. ഇതിനുള്ള എളുപ്പ മാര്‍ഗമാണ് ഫേസ്ബുക്കിന് Internet.org. മോദി അമേരിക്കയില്‍ പോയി സുക്കര്‍ബര്‍ഗുമായി ചര്‍ച്ച നടത്തുകയും Digital India എന്ന സംരഭത്തിന് സുക്കര്‍ബര്‍ഗ് മുന്‍കയ്യെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു. Internet.org ആശയത്തില്‍ ഊന്നിയതാണ് Digital India. ഇനി എന്താണ് പദ്ധതിയുടെ സ്വഭാവം എന്ന് നോക്കാം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പത്തു സേവനങ്ങള്‍ സൗജന്യമായി നല്‍കും. ഒപ്പം, അടിസ്ഥാന ഫേസ്ബുക്ക് സേവനവും. അടിസ്ഥാന ഫേസ്ബുക്ക് സേവനത്തില്‍ ഫോട്ടോ അപ്‌ലോഡിംഗ് ഓപ്ഷന്‍ ഉള്‍പ്പെടില്ല താനും. ഫോട്ടോ ഇല്ലാത്ത ഫേസ്ബുക്ക് കൊണ്ട് എന്തുകാര്യം എന്ന് ചോദിക്കുന്നവരുണ്ടാകും. നിങ്ങള്‍ക്ക് അതിന് പരിഹാരമുണ്ട്. എന്നാല്‍ പണം നല്‍കണമെന്ന് മാത്രം. പത്തില്‍ കൂടുതലുള്ള സേവനങ്ങള്‍ക്കും പണം നല്‍കണം. വിവിധ താരിഫില്‍ ആറു പ്ലാനുകളാണ് ഉള്ളത്. 10രൂപ, 25രൂപ, 40രൂപ, 80രൂപ, 125രൂപ, 200രൂപ എന്നിവയാണ് മാസ വരിസംഖ്യ. പദ്ധതിയില്‍ 100കോടി ഇന്ത്യക്കാരെയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ നാലിലൊന്ന് ലക്ഷ്യം പൂര്‍ത്തിയായാല്‍ 25 കോടി പേര്‍ പദ്ധതിയില്‍ അണി ചേരും.

ഇവര്‍ ശരാശരി 40 രൂപയുടെ പ്ലാനാണ് എടുക്കുന്നതെങ്കില്‍ പോലും സൂക്കര്‍ബര്‍ഗിന്റെ പോക്കറ്റില്‍ മാസം വീഴുക 1000 കോടി രൂപയാണ്.അതായത് വര്‍ഷം 12000 കോടി രൂപ. ഇതിനു പുറമെ പരസ്യത്തില്‍ നിന്നും വരുമാനം കണ്ടെത്താം. ഇതിനൊക്കെ പുറമെ ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയുന്നതു കൊണ്ടും വലിയൊരു ഡാറ്റാ ബാങ്ക് കയ്യിലുള്ളതു കൊണ്ടും കോര്‍പ്പറേറ്റുകളുമായും കച്ചവടത്തിലേര്‍പ്പെടാം. അതായത് ഉപഭോക്താവിന്റെ വിവരങ്ങള്‍ കൈമാറിയാല്‍ പോലും ഫേസ്ബുക്കിന് നല്ല തുക ലഭിക്കും.

ഇനി ഫേസ്ബുക്കിനുള്ള ചെലവെന്തെന്ന് പരിശോധിക്കാം. ഇന്ത്യാ മഹാരാജ്യത്ത് 5 പൈസപോലും സുക്കര്‍ബര്‍ഗ് ചെലവഴിക്കില്ല. ഓരോ രാജ്യത്തും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും വികസിപ്പിക്കുന്നതിനും പങ്കാളിയെ കണ്ടത്തും. ഈ പങ്കാളിയാണ് പണം ചെലവിടേണ്ടത്. ഇന്ത്യയില്‍ ഇത് ഇപ്പോള്‍ റിലയന്‍സാണ്. ഒരു സര്‍വീസ് പ്ലാറ്റ്‌ഫോം മാത്രമാണ് ഫേസ്ബുക്ക് നല്‍കുക. Digital India പദ്ധതിയില്‍ ഒളിഞ്ഞു കിടക്കുന്ന Internet.org പദ്ധതി മോദി തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുണ്ടാകും. കല്‍ക്കരിപ്പാടം കുംഭകോണത്തില്‍ മന്‍മോഹന്‍സിംഗ് പിന്നീട് പറഞ്ഞ ന്യായം ഒരു പക്ഷെ ഭാവിയില്‍ മോദിയും പറഞ്ഞേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here