അച്ഛനെ കൊന്ന പോര്‍ഷെ കാറിനെതിരെ കേസു കൊടുത്ത് പോള്‍ വോക്കറുടെ മകള്‍; കാറിന് നിര്‍മ്മാണത്തകരാര്‍ ഉണ്ടായിരുന്നെന്ന് മെഡോ റെയ്ന്‍ വോക്കര്‍

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് നടന്‍ പോള്‍വോക്കറുടെ മരണത്തിനിടയാക്കിയ പോര്‍ഷെ കാറിനെതിരെ വോക്കറുടെ മകള്‍ കേസുകൊടുത്തു. കാറിന് നിര്‍മ്മാണത്തകരാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വോക്കറുടെ മകള്‍ മെഡോ റെയ്ന്‍ വോക്കര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. കണക്കില്ലാത്ത നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. അപകടത്തില്‍ പെട്ട സമയം പോള്‍ വോക്കര്‍ പുറത്തുകടക്കാനാകാത്ത വിധം പോര്‍ഷെ കരേര ജിടി കാറില്‍ അകപ്പെട്ടു പോയെന്ന് മെഡോ റെയ്ന്‍ വോക്കറുടെ അഭിഭാഷകര്‍ വാദിക്കുന്നു.

സ്ട്രീറ്റ് ലീഗല്‍ റേസ് കാര്‍ എന്ന പേരില്‍ ഇറങ്ങിയ പോര്‍ഷെയുടെ കരേര ജിടിയില്‍ സ്‌റ്റേബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം ഇല്ലായിരുന്നെന്നും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മെഡോ വോക്കറുടെ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഇതാണ് കാര്‍ തീപിടിക്കാന്‍ ഇടയാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കാറിന് ഈ തകരാര്‍ ഇല്ലായിരുന്നെങ്കില്‍ വോക്കര്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.

ശരാശരി സ്പീഡില്‍ മാത്രമായിരുന്നു അപകടസമയം കാര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളും അപ്പീലില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതായത് അപകടസമയം കാര്‍ സഞ്ചരിച്ചിരുന്നത് 71 മൈല്‍ വേഗതയിലായിരുന്നു. അഥവാ 101 കിലോമീറ്റര്‍ വേഗം. കാറിന്റെ പരമാവധി വേഗത 151 കിലോമീറ്ററാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ഷെരിഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ വേഗക്കൂടുതലാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ഈ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് പോര്‍ഷെയിലെ തന്നെ സാങ്കേതിക വിദഗ്ധരായിരുന്നു.

ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് അപകടത്തില്‍ വോക്കര്‍ക്കൊപ്പം കൊല്ലപ്പെട്ട റോജര്‍ റോഡസിന്റെ വിധവ ക്രിസ്റ്റിന്‍ റോഡസും കോടതിയെ സമീപിച്ചിട്ടുണ്ട്. 2013 നവംബറിലാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരകളിലൂടെ ലോകശ്രദ്ധ നേടിയ പോള്‍ വോക്കര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പിന്റെ ചിത്രീകരണത്തിനായി വോക്കര്‍ അവധിയിലായിരുന്നു. ഇതിനിടെയാണ് മരണം വോക്കറെ തേടിയെത്തിയത്. സുഹൃത്ത് ഓടിച്ചിരുന്ന പോര്‍ഷെ കരേര ജിടി കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ പുറത്തു പോകാന്‍ പറ്റാത്തവിധം കുടുങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News