മൂന്നാറിൽ വീണ്ടും സമരത്തിനൊരുങ്ങി പെമ്പിളൈ ഒരുമൈ; മിനിമം വേതനം 500 രൂപയാക്കും വരെ രാപ്പകൽ സമരം; സർക്കാരും തോട്ടമുടമകളും ഒത്തു കളിക്കുകയാണെന്ന് വിഎസ്

തിരുവനന്തപുരം/മൂന്നാർ: മിനിമം വേതനം 500 രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. 500 രൂപ മിനിമം കൂലിയാക്കുന്നതുവരെ രാപ്പകൽ സമരം നടത്തുമെന്ന് സ്ത്രീ തൊഴിലാളികൾ പറഞ്ഞു. കൊച്ചി മധുര ദേശീയപാത ഉപരോധിക്കാനും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ സർക്കാരും തോട്ടമുടമകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർവ്വകക്ഷിയോഗം വിളിക്കണം. സ്ത്രീ തൊഴിലാളികൾക്കൊപ്പം പുരുഷൻമാരും സമരരംഗത്ത് ഇറങ്ങണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

ദിവസക്കൂലി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പിഎൽസി യോഗം പരാജയപ്പെട്ടതോടെ മൂന്നാറിലെ സമരം ശക്തമായത്. മൂന്നാറിലെ കണ്ണൻദേവൻ എസ്റ്റേറ്റിലെയും ഹാരിസൺസ് കമ്പനിക്ക് കീഴിലെ അപ്പർസൂര്യനെല്ലി, ലാക്കാട്, പന്നിയാർ ഡിവിഷനുകളിലെയും മലങ്കര എസ്റ്റേറ്റിലെയും മുണ്ടക്കയം ടിആർആന്റ് ടി എസ്റ്റേറ്റിലെയും തൊഴിലാളികൾ സമരത്തിലാണ്.

അതേസമയം, തൊഴിലാളികളുടെ കൂലിവർദ്ധന ഉൾപ്പെടെയുള്ള വിഷയം കാബിനറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും. തോട്ടം തൊഴിലാളികൾക്ക് 500 രൂപ മിനിമം കൂലി നൽകുന്ന കാര്യം തീരുമാനിക്കുന്നതിനായി ഇന്നലെ നടത്തിയ പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചർച്ച പരാജയപ്പെട്ടിരുന്നു. മിനിമം കൂലി 500 രൂപയാക്കാനാവില്ലെന്ന് നിലപാടിൽ തോട്ടം ഉടമകൾ ഉറച്ചുനിന്നതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. കൂലി വർധിപ്പിക്കാനാവില്ലെന്ന് തോട്ടം ഉടമകൾ ഉറച്ച നിലപാടെടുത്തു. 500 രൂപയാക്കാതെ ജോലിക്ക് കയറില്ലെന്ന് ട്രേഡ് യൂണിയനുകളും നിലപാടെടുത്തു. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. 10 ശതമാനം കൂലി വർധനയ്ക്ക് തയ്യാറാണെന്ന് സർക്കാർ പ്രതിനിധികളെ തോട്ടം ഉടമകൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ട്രേഡ് യൂണിയനുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തോട്ടങ്ങളിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here