അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബി: അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി. മലപ്പുറം തിരൂർ കളരിക്കൽ സ്വദേശി ഗംഗാധരന്റെ(56) വധശിക്ഷയാണ് യുഎഇ സുപ്രീംകോടതി റദ്ദാക്കിയത്. പകരം 10 വർഷം തടവ് അനുഭവിക്കണം. പ്രതി കുറ്റം ചെയ്തുവെന്നതിന് ശാസ്ത്രീയ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടർന്നാണ് വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഫോറൻസിക് പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് ഗംഗാധരന് അനുകൂലമായത്. മറ്റൊരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്ന കാര്യവും അനുകൂല വിധിക്ക് കാരണമായി. എന്നാൽ, പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് 10 വർഷം തടവ് വിധിച്ചത്. പ്രതിക്ക് മാപ്പ് ലഭ്യമാക്കാൻ ഇന്ത്യൻ നയതന്ത്ര കാര്യാലയം, നീതിന്യായ മന്ത്രാലയം എന്നിവ വഴി ശ്രമം തുടരുമെന്ന് അഭിഭാഷകർ അറിയിച്ചു.

2013 ഏപ്രിൽ 14ന് അൽ റബീഹ് പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കുറ്റം ആരോപിച്ചായിരുന്നു സ്‌കൂൾ ജീവനക്കാരനായിരുന്ന ഗംഗാധരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം സഹജീവനക്കാരായ അഞ്ചു പേരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷനു മുമ്പാകെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, അറിയാത്ത ഭാഷ ആയതിൽ പേപ്പറിൽ ഒപ്പിട്ടു നൽകുകയും സമ്മർദം മൂലം കുറ്റസമ്മതം നടത്തുകയുമായിരുന്നുവെന്നാണു ഗംഗാധരൻ നൽകിയ മൊഴി. 32 വർഷമായി സ്‌കൂളിൽ ജോലി ചെയ്യുന്ന ഇയാൾക്കെതിരെ ഒരാരോപണവും മുൻപ് ഉണ്ടായിട്ടില്ലെന്നും പൂർണ വിശ്വാസമാണെന്നും സ്‌കൂളിലെ അധ്യാപകർ മൊഴി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here