ചെന്നൈ: പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്ത വലിയ നോകളുടെ പട്ടിക പുറത്തിറക്കിയ ശ്രീ സായിറാം എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു. കോളജിന്റെ നടപടി പിന്‍വലിക്കണമെന്നും കോളജ് അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞദിവസം അണ്ണാ സര്‍വകലാശാലയുടെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു.

ചെന്നൈ ലിയോ നഗറിലെ ശ്രീ സായി റാം എന്‍ജിനീയറിംഗ് കോളജാണ് പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. കുറച്ചുനാള്‍ മുമ്പു പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിന്റെ നോട്ടീസ് ഒരു വിദ്യാര്‍ഥി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. അതിനിടെ, കോളജില്‍ പ്രതിഷേധിച്ച ചില വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

sairam-college

പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ എന്നു പറഞ്ഞാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ലെഗ്ഗിംഗ്‌സ്, ഇറുകിയ പാന്റുകള്‍, ഇറുകിട ടോപ്പുകള്‍ എന്നിവ ധരിക്കാന്‍ പാടില്ലെന്നതാണ് ആദ്യ നിര്‍ദേശം. ഷോര്‍ട്ട് കുര്‍ത്തകളും ബായ്ക്ക് സൈഡ് നോട്ട് ടൈപ്പ് ടോപ്പുകളും പാടില്ല. വലിയ സ്റ്റഡുകളോ റിംഗുകളോ കമ്മലായി ഉപയോഗിക്കരുത്. ഹൈഹീല്‍, ഫാന്‍സി ചെരുപ്പുകള്‍ ധരിക്കരുത്. പട്യാല, അനാര്‍ക്കലി ഫാന്‍സി ഡ്രസുകള്‍ എന്നിവയും പാടില്ല. മുടിക്കു നിറം നല്‍കരുത്. ഷോര്‍ട്ടായതും സുതാര്യമായതുമായ ദുപ്പട്ടകള്‍ പാടില്ല. ദുപ്പട്ടകള്‍ ധരിക്കുമ്പോള്‍ ഇരു വശത്തും പിന്‍ ചെയ്തിരിക്കണം. ബനിയന്‍ ടൈപ്പ് തുണികൊണ്ടുള്ള പാന്റ്‌സ് പാടില്ല. ഡിസൈനര്‍ വാച്ചുകളും ഉപയോഗിക്കരുത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളെ കാണാന്‍ രക്ഷിതാക്കളെ അനുവദിക്കില്ല. പിറന്നാള്‍, പുതുവര്‍ഷം എന്നിവയ്ക്കു കോളജ് കാമ്പസിനുള്ളില്‍ ആഘോഷം അനുവദിക്കില്ല. മധുരം, കേക്ക്, ചോക്കളേറ്റുകള്‍, മറ്റു ലഘുഭക്ഷണങ്ങള്‍ എന്നിവ കാമ്പസില്‍ കൊണ്ടുവന്നാല്‍ അതു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ പാടില്ല. കോളജിലെ ഇടനാഴികളില്‍ ചുറ്റിത്തിരിയരുത്. പുസ്തകം വാങ്ങാനോ, ലാബ് ഉപകരണങ്ങള്‍ വാങ്ങാനോ പോലും മറ്റുള്ള കുട്ടികളെ കാണാന്‍ മറ്റു ക്ലാസുകളില്‍ കയറാന്‍ പാടില്ല. ഇരു ചക്രവാഹനങ്ങളോ കാറുകളോ കാമ്പസില്‍ കൊണ്ടുവരരുത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് പാടില്ല. പെണ്‍കുട്ടികള്‍ അവര്‍ക്ക് അനുവദിച്ച ഫുട്പാത്തുകളും സ്റ്റെയര്‍ കെയ്‌സുകളും മാത്രം ഉപയോഗിക്കുക. ആണ്‍കുട്ടികളുമായി സംസാരിക്കരുത്. തുടങ്ങിയവയാണ് നിര്‍ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍.

കോളജിനെ ജയിലാക്കുകയാണെന്നു കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തുവന്നതോടെ പ്രശ്‌നം കാമ്പസിനു പുറത്തേക്ക് എത്തുകയായിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ കോളജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. അതേസമയം, വ്യാജമായി ഉണ്ടാക്കിയ നിര്‍ദേശങ്ങളാണിതെന്ന വാദവുമായി സംഭവം വിവാദമായപ്പോള്‍ കോളജ് മാനേജ് മെന്റ് എത്തുകയും ചെയ്തു. ഇത്തരത്തില്‍ നടപടികള്‍ എടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കോളജിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ളതെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം. അതേസമയം, എന്തിനാണ് നിര്‍ദേശം വ്യാജമാണെങ്കില്‍ എന്തിനാണ് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്ന ചോദ്യത്തിന് മാനേജ്‌മെന്റ് ഉത്തരം നല്‍കുന്നില്ല.